Skip to main content

ആവശ്യാനുസരണം ഒക്‌സിജന്‍ സിലിണ്ടറുകള്‍ സജ്ജമാക്കും-മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 2000 ഒക്‌സിജന്‍ സിലിണ്ടറുകളും ആവശ്യമായ കരുതല്‍ സംവിധാനങ്ങളും സജ്ജമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിച്ചത്. ഹെല്‍പ്പ് ഡെസ്‌ക് സേവനങ്ങള്‍ കാര്യക്ഷമമാക്കണം എന്നും ഏപ്രില്‍ 30നകം മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രതാസമിതികള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.   രോഗവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും പങ്കുചേരണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഓക്‌സിജന്‍ ലഭ്യത, വാക്‌സിന്‍ വിതരണം, പരിശോധനകള്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം. പി. നല്‍കിയത്. വാര്‍ഡുതല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണമെന്ന് കെ. സോമപ്രസാദ് എം. പി. നിര്‍ദേശിച്ചു.
ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ഘടിപ്പിച്ച കിടക്കകള്‍ സജ്ജമാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. എ. എം. ആരിഫ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ തുടങ്ങിയവരും പങ്കെടുത്തു.

കൗണ്‍സലിംഗ്, ടെലിമെഡിസിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഹെല്പ് ഡെസ്‌കുകള്‍ കാര്യക്ഷമമാക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. മാളുകള്‍, തീയറ്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനനുമതിയില്ല. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും മണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. വ്യാപാരസ്ഥാപനങ്ങള്‍ രാത്രി ഏഴരയ്ക്ക് അടയ്ക്കണം.  പാര്‍സല്‍ വിതരണം രാത്രി ഒന്‍പതു വരെ നടത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ സേവനം ഉറപ്പാക്കും. ഡോര്‍ ടു ഡോര്‍ സേവനങ്ങള്‍ക്കും കോവിഡ് മാനേജ്മെന്റിനും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും.
  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും കടന്നു പോകുന്നവരുടെ വിവരങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കുകയും ചെയ്യും. അവശ്യ-സേവന വകുപ്പുകളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ വീടുകളില്‍ നിന്ന് ജോലികള്‍ നിര്‍വഹിക്കുകയോ ഫീല്‍ഡ് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയോ വേണം.  ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുള്ളത്.
പ്രതിരോധ സംവിധാനങ്ങളുടെ തല്‍സ്ഥിതിയും പുരോഗതിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത യോഗത്തില്‍ അവതരിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, റൂറല്‍ എസ്. പി. കെ. ബി.   രവി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
(പി.ആര്‍.കെ നമ്പര്‍.1007/2021)
 

date