നോര്‍ക്ക റൂട്ട്‌സ്: സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതിയുടെ (NDPREM) ഭാഗമായുള്ള തൊഴില്‍ സംരംഭകത്വ പരിശീനപരിപാടിയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി) ആണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. കൃഷി (പശു, ആട്, കോഴി), ബേക്കറി ഉല്പന്നങ്ങള്‍, കേറ്ററിംഗ്, എല്‍.ഇ.ഡി ഉല്പന്നങ്ങളുടെ നിര്‍മ്മാണം, തയ്യല്‍, സോപ്പ് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണം, പ്ലാന്റ് നഴ്‌സറി, പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള്‍, പഴവര്‍ഗ്ഗ സംസ്‌കരണം, അലൂമിനീയം ഫാബ്രിക്കേഷന്‍ എന്നിവയിലാണ് പരിശീലനം. രണ്ടുവര്‍ഷമെങ്കിലും പ്രവാസിജീവിതം പൂര്‍ത്തിയാക്കിയവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയിലേക്ക് തെരെഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ തൊഴില്‍ മേഖലകളില്‍ പ്രായോഗിക പരിശീലനം, മാനേജ്‌മെന്റ് പരിശീലനം എന്നിവ സി.എം.ഡി നല്കും. താല്പര്യമുള്ളവര്‍ തിരുവനന്തപുരം തൈക്കാടുള്ള സി.എം.ഡി യുടെ ഓഫീസിലോ 0471 2329738 എന്ന നമ്പരിലോ www.cmdkerala.net മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.4838/17
- Log in to post comments