Skip to main content

ശ്രുതി മധുരം പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രുതിമധുരം പദ്ധതിക്ക് തുടക്കമായി. കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് ശ്രവണ സഹായ ഉപകരണം വിതരണം ചെയ്യുന്ന ശ്രുതി മധുരം പദ്ധതി ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാണിക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ശ്രുതിമധുരം പദ്ധതിയെന്നും . സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍  അധ്യക്ഷത വഹിച്ചു.

വയോജന ക്ഷേമം ലക്ഷ്യമാക്കി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ശ്രുതിമധുരം. ദാരിദ്ര രേഖക്ക് താഴെയുള്ള 40 ശതമാനത്തില്‍ കൂടുതല്‍ കേള്‍വിക്കുറവുള്ളവര്‍ക്ക് ശ്രവണ സഹായ ഉപകരണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം വാഴൂര്‍ 77 വയോജനങ്ങള്‍ക്കാണ് ശ്രവണ സഹായി നല്‍കിയത്. 11.50 ലക്ഷം രൂപയുടെ  ശ്രുതിമധുരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41 സ്ത്രീകള്‍ക്കും 36 പുരുഷന്‍മാര്‍ക്കുമാണ് ശ്രവണ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണം സൗജന്യമായി നല്‍കിയത്.  ഗ്രാമസഭയിലൂടെയാണ് ഗുണഭോക്താക്കളെ  തെരഞ്ഞെടുത്തത്. 40 ശതമാനത്തില്‍ താഴെയാണ് ഇവരുടെ കേള്‍വിശേഷി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടത്തിയ കേള്‍വി പരിശോധനയുടെ അടിസ്ഥാനത്തില്‍ കേള്‍വിശേഷിയ്ക്കനുസരിച്ച ശ്രവണ സഹായി കേരളാ വികലാംഗക്ഷേമ കോര്‍പ്പറേഷനാണ് വിതരണത്തിനായി ലഭ്യമാക്കിയിട്ടുള്ളത്.  

സി.ഡി.പി.ഓ മെര്‍ലി ജോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജില്ലാ-ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് സ്വാഗതവും വാഴൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.എന്‍.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.     

date