Skip to main content

ജില്ലയിൽ ആംബുലൻസ് ലഭ്യത ഉറപ്പ് വരുത്തി മോട്ടോർ വാഹന വകുപ്പ്

 

 

കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആംബുലൻസുകളുടെ ലഭ്യത ഉറപ്പ് വരുത്തി മോട്ടോർ വാഹന വകുപ്പ്. കോവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക് മാറ്റുന്നതിന് വേണ്ട ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന ഓക്സിജൻ സപ്ലൈ വാഹനങ്ങളുടെ സുഗമമായ ഗതാഗതവുമാണ് മോട്ടോർ വാഹന വകുപ്പ് നടത്തി വരുന്നത്. 

 

ഇതിൻ്റെ ഭാഗമായി കലക്ട്രേറ്റിലെ കോവിഡ് കൺട്രോൾ റൂമിലേയ്ക്ക് ആംബുലൻസിനായി വരുന്ന അന്വേഷണങ്ങൾക്ക് അനുസരിച്ച് ആരോഗ്യ വകുപ്പുമായി ചേർന്ന് ആംബുലൻസുകൾ ലഭ്യമാക്കും. തൃശൂർ ജില്ലാ അർ ടി ഒ ബിജു ജെയിംസിൻ്റെ മേൽനോട്ടത്തിൽ ജില്ലയിലെ സബ് ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് രോഗികൾക്ക് വേണ്ട ആംബുലൻസുകൾ ലഭ്യമാക്കുന്നത്. കൂടാതെ തൃശൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ പി എസ് ജെയിംസിൻ്റെ നേതൃത്വത്തിൽ ഓക്സിജൻ കയറ്റി വരുന്ന ഓക്സിജൻ സപ്ലൈ വാഹനങ്ങൾക്ക് ഗതാഗത തടസ്സങ്ങൾ കൂടാതെ കൃത്യസമയത്ത് മെഡിക്കൽ കോളേജുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് എസ്കോട്ട് ഉൾപ്പടെയുള്ള സൗകര്യങ്ങളും നടത്തി വരുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് സ്കോഡായ സേഫ് കേരള വിങ്ങിൻ്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

 

ജില്ലയിൽ 100 ഓളം ആംബുലൻസുകളും ഡ്രൈവർമാരും ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഫാ. ഡേവിഡ് ചിറമ്മൽ സന്നദ്ധ സംഘടനയായ ആക്ട്സിൻ്റെ ഭാഗമായി 10 ആംബുലൻസുകളും ഡ്രൈവർമാരെയും ഒരു കോർഡിനേറ്ററേയും പ്രവർത്തനത്തിനായി അനുവദിച്ച് തന്നിട്ടുണ്ട്.

date