സ്റ്റേഷനില്‍ കുട്ടികളെ വരവേല്‍ക്കാന്‍ മായാവിയും ഛോട്ടാ ഭീമും ഡോറയും
നഴ്സറി സ്കൂളുകളിലും പാര്‍ക്കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ കുരുന്നുകളെ വരവേല്‍ക്കുന്നത്. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉള്‍പ്പെടെ പ്രിയ കാര്‍ട്ടൂണ്‍ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ കുരുന്നുകള്‍ തന്നെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന് അങ്കണത്തിലൊരുക്കിയ പുതിയ സീ-സോയിലും സ്ലൈഡിലും ഊഞ്ഞാലിലും ഒക്കെ കയറാനും കളിക്കാനും മല്‍സരമായിരുന്നു. പുതുതായി സ്റ്റേഷന് പരിസരത്ത് നിര്‍മിച്ച ശിശു സൗഹൃദ ജനമൈത്രീ കേന്ദ്രവും വര്‍ണാഭവും ആകര്‍ഷകവുമായിരുന്നു.
കാഴ്ചയിലും നിറപ്പകിട്ടിലും മാത്രമല്ല, ഗൗരവത്തിലും കുട്ടികളുടെ പ്രശ്നങ്ങള്‍ അറിയാനും അതിനനുസരിച്ച് പെരുമാറാനുമുള്ള മാറ്റമാണ് ഇത്തരം സ്റ്റേഷനുകളിലെന്നതാണ് പ്രത്യേകത.
കുട്ടികള്‍ വാത്സല്യത്തിന്റെയും പരിചരണത്തിന്റെയും സംരക്ഷണത്തിന്റെതുമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരള പോലീസ് വിഭാവനം ചെയ്ത നൂതന പദ്ധതിയാണ് ചില്‍ഡ്രന്‍ ആന്റ് പോലീസ് ക്യാപ്'(CAP). കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളുടെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഓരോ സ്റ്റേഷന്റെയും പ്രവര്‍ത്തനം.
ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ ക്യാപ്'സ്റ്റേഷനുകളില്‍ പ്രത്യേക നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനും മാതൃകാപരമായ നടപടികള്‍ വേഗത്തില്‍ ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്നങ്ങളില്‍ അകപ്പെടുകയോ മറ്റു രീതിയില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുകയോ ചെയ്യുന്ന മുഴുവന്‍ കുട്ടികളെയും സ്റ്റേഷന് അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനും അവര്‍ക്ക് ജീവിതത്തില്‍ വിജയിക്കുന്നതിന് ആവശ്യമായ പദ്ധതികളാവിഷ്കരിക്കുന്നതിനും ക്യാപ്'മുന്‍കൈയെടുക്കും.
തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ശിശു സൗഹാര്‍ദ്ദപര അന്തരീക്ഷമൊരുക്കാന്‍ കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേക മുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യൂണിസെഫിന്റെ സഹായത്തോടെ 'ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍'' പദ്ധതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത സ്റ്റേഷനുകളിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനവും നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ സേവനം ഉണ്ടാകും. ശിശു സൗഹൃദ പോലീസ് സ്റ്റേഷന് അടക്കമുള്ള 'ക്യാപ്' -ന്റെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ കൊച്ചിന് റേഞ്ച് ഐ.ജി. പി.വിജയനാണ്.
പി.എന്‍.എക്സ്.4848/17
- Log in to post comments