Skip to main content

ഹോം ഡെലിവറിയ്ക്കായി സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു

കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
ഫോൺവഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓർഡർ സപ്ലൈകോയിൽ നിന്ന് കുടുംബശ്രീ വീടുകളിൽ എത്തിച്ചു നൽകും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓർഡറുകൾ സ്വീകരിച്ച് ഉച്ച കഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓർഡറിൽ പരമാവധി 20 കിലോവരെയുള്ള സാധനങ്ങൾ ഓർഡർ ചെയ്യാം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ ഹോം ഡെലിവറി. നിലവിൽ സപ്ലൈകോയുടെ സംസ്ഥാനത്തെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ ഈ സൗകര്യമുണ്ട്. അതതുകേന്ദ്രങ്ങളിലെ ഫോൺ നമ്പരുകളിൽ വിളിച്ചോ സന്ദേശം വഴിയോ ഓർഡർ നൽകാം. ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ വിവരവും ഫോൺ നമ്പരും സപ്ലൈകോ വെബ്സൈറ്റിൽ ലഭ്യമാണ്.
വിതരണകേന്ദ്രങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റർ വരെ 60 രൂപയും അഞ്ചുമുതൽ 10 കിലോമീറ്റർ വരെ 100 രൂപയുമാണ് ഡെലിവറി ചാർജ്. സാധനങ്ങളുമായി വീട്ടിലെത്തുന്ന കുടുംബശ്രീ അംഗത്തിനാണ് ബിൽത്തുക നൽകേണ്ടത്. നിലവിൽ ഓരോ സപ്ലൈകോ ഔട്ട്ലെറ്റിലും രണ്ടു കുടുംബശ്രീ അംഗങ്ങളെയാണ് ഹോം ഡെലിവറിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓർഡറുകൾ വർധിക്കുന്നതനുസരിച്ച് കൂടുതൽ അംഗങ്ങളെ നിയോഗിക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
പി. എൻ. എക്സ് 1530/2021
 

date