Skip to main content

കോവിഡ് നിയന്ത്രണം പ്രതിരോധം സുശക്തം

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തടയാനുള്ള നടപടികള്‍ സുശക്തമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സംവിധാനത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി നഗരസഭ. നിലവില്‍ മിനിറ്റില്‍ 100 ലിറ്റര്‍ ഉല്പാദനശേഷിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തിക്കുന്നത്. 35 വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമാക്കി; മൂന്ന് ആംബുലന്‍സും നാല് ഓട്ടോ ടാക്‌സികളും ഉണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്  സൗജന്യമായി ഭക്ഷണം  വിതരണം ചെയ്യുന്നു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഫോണ്‍ വഴി  ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷന്‍ എ. ഷാജു പറഞ്ഞു.
നീണ്ടകര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കോളേജ് കെട്ടിടം ഏറ്റെടുത്ത് അവശ്യഘട്ടത്തില്‍ രോഗികളെ പാര്‍പ്പിക്കാന്‍ സജ്ജമാക്കി; ആംബുലന്‍സ് സൗകര്യം ഒരുക്കി. ജനകീയ ഹോട്ടല്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആക്കി മാറ്റി. വാര്‍ഡ്തലത്തില്‍  വളണ്ടിയര്‍മാരുടെ സേവനം, കൊവിഡ് വാര്‍ റും, ഹെല്‍പ്പ് ഡെസ്‌ക്, ടെലി കൗണ്‍സിലിങ് എന്നിവയുമുണ്ട്. ക്ലാപ്പന പഞ്ചായത്തില്‍ അമൃത എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡി.സി.സിയും കമ്മ്യൂണിറ്റി കിച്ചണും എം.പി. എ. എം. ആരിഫ് ഉദ്ഘാടനം ചെയ്തു.

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍  ഡൊമിസിലറി കെയര്‍ സെന്റര്‍ കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഒന്നിടവിട്ട  ദിവസങ്ങളില്‍ പഞ്ചായത്തില്‍ സ്രവ പരിശോധന നടത്തുന്നു. 35 ഓക്‌സീമീറ്ററുകള്‍  ലഭ്യമാക്കി. 100 എണ്ണം കൂടി വാങ്ങും.
കുണ്ടറ ഗ്രാമപഞ്ചായത്തില്‍  വാഹന സൗകര്യം, വാര്‍ഡ്തല ജാഗ്രതാ സമിതികള്‍, മുഴുവന്‍ സമയ ഹെല്‍പ്പ് ഡെസ്‌ക് എന്നിവ പ്രവര്‍ത്തിക്കുന്നു. ഫോണ്‍: (9747187049, 9539750788).  ഐ. എച്ച്. ആര്‍. ഡി കോളേജില്‍ 50 കിടക്കകളുള്ള ഡോമിസിലറി കോവിഡ് കെയര്‍  സെന്റര്‍, എല്ലാ വീടുകളിലും ഹോമിയോ മരുന്ന് വിതരണം, ബോധവല്‍ക്കരണം എന്നിവയുണ്ട്.
പോരുവഴി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. മുഴുവന്‍സമയ കോവിഡ് വാര്‍ റൂം, ആംബുലന്‍സ്, ഓട്ടോ ടാക്‌സി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പ്രസിഡന്റ് ബിനു പറഞ്ഞു.
വെളിയം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സി. എഫ്. എല്‍. ടി. സി. ഓടനാവട്ടം എ. കെ. എസ്. ഓഡിറ്റോറിയത്തില്‍ 102 കിടക്കകളാണ് സജ്ജീകരിച്ചിട്ടുണ്ട്. 64 പേര്‍ ചികിത്സയിലുണ്ട്. നാല് ഡോക്ടര്‍മാരുടെയും മൂന്ന് സ്റ്റാഫ് നേഴ്സ്മാരുടെയും സേവനവുമുണ്ട്. നാല് ഓക്‌സിജന്‍ സിലിണ്ടറുകളും ലഭ്യമാക്കി. 19 വാര്‍ഡുകളിലും പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു. നാല് ആംബുലന്‍സുകളടക്കം അഞ്ച് വാഹനങ്ങളുടെ സേവനം 24 മണിക്കൂറും സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ബിനോജ്  പറഞ്ഞു. കുടുംബംശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍, ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം എന്നിവ വിപുലീകരിച്ചു.
നിലമേല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് ആവശ്യമായ വാഹനസൗകര്യം, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം,മരുന്ന് എന്നിവ എത്തിച്ചു നല്‍കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്, ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് എന്നിവയുണ്ട് എന്ന് പ്രസിഡന്റ് വി. വിനീത പറഞ്ഞു. ആര്യങ്കാവ് പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ജാഗ്രതാ സമിതി, ഹെല്‍പ്പ് ഡെസ്‌ക് എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ട് സമൂഹ അടുക്കളകളും സജ്ജമാക്കി എന്ന് സുജാ തോമസ് പറഞ്ഞു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിയന്തര സേവനങ്ങളെ ഏകോപിപ്പിക്കുന്നതിനായി വാര്‍റൂം, 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്, ആവശ്യക്കാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി അഞ്ച് ഓട്ടോ- ടാക്‌സി വാഹനങ്ങള്‍, 83 പേരടങ്ങിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മാങ്കോട്, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന ക്യാമ്പുകളും നടത്തി. കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കുന്നതിനായി പിറവന്തൂര്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടലും പ്രവര്‍ത്തിക്കുന്നതായി  പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ജയന്‍ പറഞ്ഞു. പട്ടാഴി പഞ്ചായത്തില്‍ അടിസ്ഥാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍ കമ്മിറ്റി രൂപീകരിച്ചു. 117 രോഗികളാണ് പഞ്ചായത്തിലുള്ളത്. ഹെല്‍പ്പ് ഡെസ്‌ക്, 24 മണിക്കൂര്‍ വാര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.
(പി.ആര്‍.കെ നമ്പര്‍.1148/2021)

 

date