Skip to main content

മഴ-കാറ്റ്: മുന്‍കരുതലുകളായി-ജില്ലാ കലക്ടര്‍

കനത്ത മഴയും കാറ്റും പ്രവചിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് 14ന് ജില്ലയില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് മുന്‍നിറുത്തി ആവശ്യമായ മുന്‍കരുതലും അനുബന്ധ തയ്യാറെടുപ്പുകളും നടത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഇന്നലെ (മെയ് 12) മുതല്‍ മറ്റൊരു അറിയിപ്പ് നല്‍കുന്നത് വരെ മീന്‍പിടുത്തം നിരോധിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കോസ്റ്റല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ക്കാണ് ചുമതല.
കാറ്റ് ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചു നീക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും പൊതുമരാമത്ത് വകുപ്പും നടപടിയെടുക്കുണം. ബോര്‍ഡുകള്‍-ഹോര്‍ഡിംഗുകള്‍ എന്നിവയുടെ സുരക്ഷയും ഉറപ്പാക്കണം.
തടസ്സരഹിത വൈദ്യുതി വിതരണം കെ. എസ്. ഇ. ബി. നടത്തണം. ആശുപത്രികളിലേക്ക് വൈദ്യുതി മുടങ്ങാനേ പാടില്ല. മുടങ്ങുന്ന സാഹചര്യത്തില്‍ ജനറേറ്റര്‍ ഏര്‍പ്പെടുത്തി ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. സബ് കലക്ടര്‍, പുനലൂര്‍ ആര്‍. ഡി. ഒ എന്നിവര്‍ക്കാണ് ഏകോപന ചുമതല.
ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാരും താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരെ ലഭ്യമാക്കണം. ഓരോ സ്ഥലത്തും കുറഞ്ഞത് നാലു പേര്‍ ഉണ്ടാകണം. പൊലിസ്, അഗ്നിരക്ഷാ സേന എന്നിവയുടെ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും സേവന സജ്ജമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.
വിനോദസഞ്ചാരം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പും ടൂറിസം വകുപ്പും സ്വീകരിക്കണം. ആര്‍. ടി. ഒ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും ആവശ്യാനുസരണം ലഭ്യമാക്കണം. കെ. എസ്. ഇ. ബി.-പൊതുമരാമത്ത് വകുപ്പുകള്‍ അടിയന്തര അറ്റകുറ്റപണികള്‍ക്ക് ജീവനക്കാരെ തയ്യാറാക്കി നിറുത്തണം.
വില്ലേജ് ഓഫീസര്‍മാര്‍ പുനരധിവാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ കെട്ടിടങ്ങളുടെ താക്കോല്‍ കരുതണം. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കലും നടത്തണം. ഖനന പ്രവര്‍ത്തനങ്ങളെല്ലാം ഇനിയൊരറിയിപ്പ് നല്‍കും വരെ നിരോധിച്ചു.
നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടുന്നതും സെല്‍ഫി എടുക്കുന്നതും നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തദ്ദേശസ്ഥാപന ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കണം.
വാര്‍ത്താവിനിമയ സംവിധാനം തടസ്സരഹിതമായി ലഭ്യമാക്കാന്‍ ബി. എസ്. എന്‍. എല്‍ നെ ചുമതലപ്പെടുത്തി.
ഡി. എം. ഒ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. അടിയന്തര ജീവനരക്ഷാ പ്രവര്‍ത്തനത്തിന് പരിചയമുള്ള ഒരാളെങ്കിലും ഓരോ കേന്ദ്രത്തിലും ഉണ്ടാകണം. താലൂക്ക്തല എമര്‍ജന്‍സി മെഡിക്കല്‍ ടീമും ഉറപ്പാക്കണം.
എല്ലാ താലൂക്കുകളിലും 100 കിലോ അരി, 50 കിലോ പയര്‍, 10 ലിറ്റര്‍ ഭക്ഷ്യഎണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ വീതം കരുതലുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഉറപ്പാക്കണം. എല്ലാ താലൂക്കുകളിലും ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാനായി ബസ്സുകള്‍ കെ. എസ്. ആര്‍. ടി. സി. തയ്യാറാക്കി നിറുത്തണം.
ജലസേചന വിഭാഗം അണക്കെട്ടുകളിലേയും ജലാശയങ്ങളിലേയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
മലയോര ഗതാഗതം വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ ഇന്ന് (മെയ് 13) മുതല്‍ 15 വരെ നിയന്ത്രിക്കാന്‍ പൊലിസ്-ഗതാഗത-ദേശീയപാത വകുപ്പുകള്‍ക്കാണ് ചുമതല.
അപകടനിലയിലുള്ള വാസസ്ഥലങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ തദ്ദേശസ്ഥാപന ഭാരവാഹികള്‍-വില്ലേജ് ഓഫീസര്‍മാര്‍ മാറ്റിപാര്‍പ്പിക്കണം.
ജലസേചനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളിലോ ഓരോ ഉദ്യോഗസ്ഥരെ അടിയന്തരഘട്ടകാര്യ നിര്‍വഹണ കേന്ദ്രത്തിലേക്ക് അതത് വകുപ്പ് മേധാവികള്‍ നിയോഗിക്കേണ്ടതാണ്. അടിയന്തര ഇടപെടലിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണം. അപകട സാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. കടപ്പുറത്തേക്ക് പോകരുത്. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. പുഴകളിലും ചാലുകളിലും ഇറങ്ങരുത്. ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ നിറുത്തിയിടരുത്.
അപകടഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. കുട്ടികളെ ജലാശങ്ങയളിലേക്ക് വിടാതെ രക്ഷിതാക്കള്‍ മുന്‍കരുതലെടുക്കണം. അടിയന്തര സഹായത്തിന് 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
(പി.ആര്‍.കെ നമ്പര്‍.1153/2021)
 

date