നിറഞ്ഞ സദസില്‍ മഹാസാഗരം
കൊച്ചി: ജനകീയം 2018 ന്റെ സമാപന ദിവസം നടന്ന മഹാസാഗരം നാടകം കാണാന്‍ പ്രേക്ഷക തിരക്ക്. എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് മഹാസാഗരം നാടകത്തിലൂടെ അവതരിപ്പിച്ചത്. മോഹന്‍ലാലും മുകേഷും അഭിനയിച്ച ഛായാ മുഖി അടക്കം മുപ്പതോളം നാടകങ്ങള്‍ രചിച്ച പ്രമുഖ നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്‍ ഗാനരചനയും ആവിഷ്‌ക്കാരവും നിര്‍വഹിച്ച നാടകമാണ് മഹാസാഗരം.
എം.ടിയുടെ വിവിധ കൃതികളും കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമാണ് ഈ നാടകത്തില്‍ ഒന്നിക്കുന്നത്. ഭ്രാന്തന്‍ വേലായുധനും കുട്ട്യേട്ടത്തിയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളര്‍ത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും എം.ടി തന്നെയും അരങ്ങില്‍ പുനരവതരിച്ചു. എം.ടി. തന്നെ എഴുതിയ ഗാനങ്ങള്‍ നാടകത്തിന് കൂടുതല്‍ മിഴിവേകി.
പന്ത്രണ്ട് നാടക ശൈലികള്‍ സമന്വയിപ്പിച്ചാണ് മഹാസാഗരം സൃഷ്ടിച്ചത്. പ്രശാന്ത് നാരായണന്‍ ചെയര്‍മാനായ കളം എന്ന പ്രസ്ഥാനമാണ് മഹാസാഗരത്തിന്റെ സൃഷ്ടാക്കള്‍. പരിമിതമായ അരങ്ങിലാണ് നാടകം അവതരിപ്പിച്ചത്. കളം അഭിനയ വിദ്യാലയത്തിലെ കുട്ടികളും ഗൗരവനാടകത്തിലെ നടീനടന്‍മാരുമാണ് നാടകത്തില്‍ അഭിനയിച്ചത്. എം.ടിയെ വായിച്ചവര്‍ക്കും വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ഹൃദ്യയമായ അനുഭവമാണ് ഈ നാടകം.
- Log in to post comments