Skip to main content

കാലവര്‍ഷാരംഭം: ജാഗ്രത അനിവാര്യം-ജില്ലാ കലക്ടര്‍

കാലാവര്‍ഷാരംഭത്തിന് സ്വീകരിക്കേണ്ട വകുപ്പുതല നടപടിക്രമങ്ങളില്‍ ജാഗ്രതാപൂര്‍ണമായ സമീപനം അനിവാര്യമെന്ന്  ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് പരാമര്‍ശം.
കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ ഏകോപനവും രോഗികളുടെ റഫറല്‍ സംവിധാനവും കാര്യക്ഷമമാക്കണം.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ-മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തദ്ദേശ സ്ഥാപന പരിധിയില്‍ നടത്തിയ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അപകടകരമായ നിലയില്‍ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ചു മാറ്റാനും കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും പൊതുമരാമത്തു വകുപ്പിന് നിര്‍ദേശമുണ്ട്. മത്സ്യബന്ധന മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മൃഗസംരക്ഷണം, കാര്‍ഷിക വിളസംരക്ഷണം എന്നീ മേഖലകളിലും ഏകോപനം കാര്യക്ഷമമാക്കും.
അഗ്‌നിശമന സേന 24 മണിക്കൂറും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണ്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. നിരാലംബര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതില്‍ സാമൂഹ്യ നീതിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.
പട്ടികജാതി, പട്ടികവര്‍ഗ മേഖലകളിലും കോളനികളിലും കോവിഡ് വ്യാപന - പ്രകൃതി ക്ഷോഭവുമായും ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശങ്ങളും ആവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. തടസരഹിത വൈദ്യുതി ലഭ്യമാക്കി  അറ്റകുറ്റപണികള്‍ കെ. എസ്. ഇ. ബി. സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്നാവശ്യമായ അടിയന്തര സജീകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുണ്ട്. റിലീഫ് ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മഹത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ അപകടകരമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഭക്ഷ്യധാന്യ വിതരണം  കാര്യക്ഷമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കിയ കോവിഡ്  ഡൊമിസിലറി കെയര്‍ സെന്ററുകളുടേയും പ്രാഥമിക-ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളുടെയും ക്രമീകരണങ്ങളും കരുതല്‍ ശേഷിയും യോഗം വിലയിരുത്തി; ഒപ്പം കടലാക്രമണവുമായി ബന്ധപ്പെട്ട് തീരദേശമേഖലകളിലെ തല്‍സ്ഥിതിയും.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1177/2021)
 

date