കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍
കോവിഡ് രണ്ടാം വ്യാപനം തടയുന്നതിനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച് ജില്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും കോര്‍പ്പറേഷനും മുന്‍സിപ്പാലിറ്റികളും. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രതാ സമിതികളും പ്രവര്‍ത്തിച്ചു വരുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ മൂന്ന് ആംബുലന്‍സുകളുടെ സേവനമുണ്ട്. സി.എഫ്.എല്‍.ടി.സികളില്‍ ഉപയോഗിക്കുന്നതിനായി അഞ്ച് സോണല്‍ മേഖലകളിലും അഞ്ച് എച്ച്.ഐ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ആംബുലന്‍സുകള്‍ ഏറ്റെടുത്തു. ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു.കോവിഡ് പോസിറ്റീവായ കുടുംബങ്ങളെ കോവിഡ് ടെസ്റ്റിനും തിരികെ വീട്ടില്‍ വിടുന്നതിനും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുമായി ആട്ടോറിക്ഷകള്‍ ലഭ്യമാക്കി.
ചടയമംഗലം ബ്ലോക്ക് പരിധിയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിലും 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്, വാ റൂം സംവിധാനങ്ങളും ഒരു ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ചുണ്ട വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ 75 കിടക്കകളോട് കൂടിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവുമുണ്ട്. സാമൂഹ്യ അടുക്കള മുഖേന 25 രൂപ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യാനോ വാങ്ങാനോ കഴിയാത്തവര്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ ഭക്ഷണം സൗജന്യമായി എത്തിച്ചു നല്‍കാറുണ്ടെന്നും പ്രസിഡന്റ് സി.അമൃത പറഞ്ഞു.
വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ കുളക്കട പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്റര്‍ നിയുക്ത എം.എല്‍.എ കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കലയപുരം സി .എസ്. ഐ മിഷന്‍ ആശുപത്രി കെട്ടിടത്തിലാണ് 30 കിടക്കകളുള്ള ഡി.സി.സി സജ്ജമാക്കിയിരിക്കുന്നത്. മുഴുവന്‍ സമയ സഹായകേന്ദ്രം, വാര്‍ റൂം, ആര്‍.ആര്‍.ടി എന്നിവയുടെ പ്രവര്‍ത്തനനങ്ങളും കാര്യക്ഷമമായി നടക്കുന്നു. 20 പള്‍സ് ഓക്‌സിമീറ്റര്‍, അണുനശീകരണ ഉപകരണം എന്നിവ ലഭ്യമാക്കി. പഞ്ചായത്ത് പരിധിയിലെ പ്രധാനമേഖലകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കിയതായും പ്രസിഡന്റ് പി. ടി ഇന്ദു കുമാര്‍ പറഞ്ഞു.
അഞ്ചല്‍ ബ്ലോക്ക് പരിധിയിലെ അലയമണ്‍ ഗ്രാമപഞ്ചായത്തിലും വാര്‍ റൂം ഹെല്‍പ് ഡെസ്‌കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 14 വാര്‍ഡുകളിലും ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് മെഡിസിന്‍ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നു. ഓക്‌സിജന്‍ സംവിധാനത്തോടുകൂടിയ മൂന്ന് ആംബുലന്‍സുകളും 24 മണിക്കൂറും സേവന സജ്ജമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്റര്‍ ഇന്ന് (മെയ് 15) പ്രവര്‍ത്തനമാരംഭിക്കും. 50 കിടക്കകളും അനുബന്ധ സൗകര്യങ്ങളോടും കൂടി കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഡി.സി.സി ഒരുക്കുന്നതെന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.
പത്തനാപുരം ബ്ലോക്കിലെ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുരിയോട്ടുമല എന്‍ജിനീയറിങ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 251 കോവിഡ് രോഗികളാണ് പഞ്ചായത്തിലുള്ളത്. ഒരു വാര്‍ഡില്‍ 15 പേര്‍ എന്ന കണക്കില്‍ 200 പേര്‍ അടങ്ങുന്ന സന്നദ്ധസേന പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍, മാസ്‌ക്, എന്നിവ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി.
ചവറ ബ്ലോക്ക് പഞ്ചായത്തു പരിധിയിലും വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അടിയന്തര സേവനങ്ങള്‍ ഉടനടി ലഭ്യമാക്കാന്‍ ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലും ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആവശ്യക്കാര്‍ക്ക്, മരുന്നുകള്‍, അവശ്യസാധനങ്ങള്‍, ഭക്ഷണം എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ചവറ ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള സി.എഫ്. എല്‍.ടി.സിയില്‍ രോഗികള്‍ കൂടുതലായി എത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണവും ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊടിയൂര്‍, തഴവ, ആലപ്പാട്, കുലശേഖരപുരം, ഓച്ചിറ ഗ്രാമപഞ്ചായത്തുകളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളില്‍ പഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, റിട്ടയേഡ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനവും വിനിയോഗിക്കുന്നുണ്ട്. സി.എഫ്.എല്‍.ടി.സികളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ പറഞ്ഞു. രോഗികള്‍ക്ക് അവശ്യഘട്ടങ്ങളില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സേവനവും വിവിധ പഞ്ചായത്തുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. സി.എഫ്.എല്‍.ടി.സി തുടങ്ങാത്ത പഞ്ചായത്തുകളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, മണ്‍ട്രോത്തുരുത്ത് തുടങ്ങിയ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് ആന്റിജന്‍ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനമായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി പറഞ്ഞു.
ഇത്തിക്കരയിലെ ചാത്തന്നൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ആറു പേര്‍ ചികിത്സയിലുണ്ട്. വാര്‍ഡ് തല ജാഗ്രതാസമിതികള്‍ മുഖേന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കലയ്‌ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ(മെയ് 14) 176 ആന്റിജന്‍ പരിശോധനകള്‍ നടത്തിയതായി ഇത്തിക്കര ബി.ഡി.ഒ അറിയിച്ചു
പുനലൂര്‍ നഗരസഭയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജമാക്കിയ മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന്(മെയ് 15) രാവിലെ 11 മണിക്ക് നിയുക്ത എം.എല്‍.എ . പി. എസ് സുപാല്‍ നിര്‍വഹിക്കും. ഒരു ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡുകള്‍ സന്ദര്‍ശിച്ച് ചികിത്സയും മരുന്നും ആവശ്യക്കാര്‍ക്ക് കൗണ്‍സിലിങ്ങ് സേവനവും ലഭ്യമാക്കും. കേളക്കാവ് സ്‌കൂളിലെ പുതിയ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച് നഗരസഭ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. നെല്ലിപ്പള്ളി കോളനിയില്‍ ഇന്ന് (മെയ് 15)രാവിലെ 10 മണിമുതല്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കൊട്ടാരക്കര നഗരസഭയിലെ സെന്റ് ഗ്രിഗോറിയസ് ഹൈസ്‌കൂള്‍ െേഡാമിസിലിയറി കെയര്‍ സെന്ററായി ഏറ്റെടുത്തു. 50 കിടക്കകളാണ് ഒരുക്കുന്നത്. കോവിഡ് ബാധിതരായവര്‍ക്ക് മാനദണ്ഡം പാലിച്ചു ഡോക്ടര്‍മാരുടെ സേവനം വീടുകളില്‍ ലഭ്യമാക്കുന്നുണ്ടെന്നും നഗരസഭ അധ്യക്ഷന്‍ എ. ഷാജു പറഞ്ഞു
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഭക്ഷണശാല പൂര്‍ണ സമയവും പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയുടെ സഹായത്തോടെ നഗരസഭയില്‍ തന്നെയാണ് പ്രവര്‍ത്തനം. ആവശ്യക്കാര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരസഭ പരിധിയിലുള്ള എല്ലാ വിഭാഗം രോഗികള്‍ക്കും ഫോണ്‍ വഴി സൗജന്യമായി ഡോക്ടറോട് സംസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി നഗരസഭ അധ്യക്ഷന്‍ കോട്ടയില്‍ രാജു പറഞ്ഞു
(പി.ആര്‍.കെ നമ്പര്‍.1179/2021)
- Log in to post comments