ഡ്രൈ ഡേ മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ ജില്ലയില്‍ ശുചീകരണ യജ്ഞം
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ ആചരിച്ചു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലും കോവിഡ് വ്യാപന സാധ്യതകൂടി പരിഗണിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടന്നു. ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, യുവജന സംഘടനകള്‍ എന്നിവരുടെ സംയുക്ത സംഘങ്ങളാണ് കോവിഡ് മാനദണ്ഡം പാലിച്ച് പൊതുഇടങ്ങളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തില്‍ കൊല്ലം കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലെയും പൊതു ഇടങ്ങളില്‍ ശുചീകരണവും ബോധവത്കരണ അനൗണ്‍സ്‌മെന്റുകളും സംഘടിപ്പിച്ചു. ജലജന്യ രോഗങ്ങള്‍ അകറ്റുന്നതിനും ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയ്ക്കും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഓടകള്‍ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷ•ാര്‍, കൗണ്‍സിലര്‍മാര്‍,കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ.സജീവ് ആരോഗ്യവിഭാഗം ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുനലൂര്‍ നഗരസഭയില്‍ 35 വാര്‍ഡുകളിലും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാമിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തി. വാര്‍ഡ് തലത്തില്‍ 10 പേര്‍ വീതമുള്ള ജാഗ്രതാ സമിതി സംഘങ്ങള്‍ മാര്‍ക്കറ്റുകള്‍, മറ്റ് പൊതുഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ അണുനശീകരണം,കിണറുകളുടെ ക്ലോറിനേഷന്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു. കൊട്ടാരക്കര നഗരസഭയില്‍ മാസ്സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഹരിത കര്‍മ്മ സേന, ശുചിത്വമിഷന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്തമുക്ക്,കൊട്ടാരക്കര ഗണപതി അമ്പലത്തിന്റെ പരിസര പ്രാദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി.
കരുനാഗപ്പള്ളി നഗരസഭാ പ്രദേശങ്ങളെ ക്ലസ്റ്ററുകള്‍ ആക്കി തിരിച്ചു സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. വീടുകളിലും പരിസരത്തും കൊതുക് വാസ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. പരവൂരില്‍ വര്‍ക്ക് ഷോപ്പുകള്‍, ആക്രി കടകള്‍ തുടങ്ങി ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന 250 ഓളം സ്ഥാപനങ്ങളും പരിസരവും ഹരിത കര്‍മ്മ സേന, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധിക്കുകയും കൊതുകിന്റെ ഉറവിട കേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. പൊതു ഇടങ്ങള്‍ ഓടകള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം നടത്തി. വീടുകള്‍തോറും ഉറവിട നശീകരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നതായി ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ പറഞ്ഞു.
ചടയമംഗലത്ത് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മയില്‍ ആരംഭിച്ച ഡി.സി.സിയും പരിസരവും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വൃത്തിയാക്കി. എട്ട് ഗ്രാമപഞ്ചായത്തുകളിലും പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു. അഞ്ചല്‍ ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു കൊതുകിന്റെ ഉറവിട നശീകരണം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടന്നുവരുന്നതായി പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്കിലെ കരീപ്രയില്‍ ഡി.സി.സി ആരംഭിക്കുന്ന കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പരിസര പ്രദേശത്തും ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കൂടാതെ സാമൂഹിക അടുക്കള ആരംഭിക്കുന്ന കുഴിമതിക്കാട്ടെ ഓഡിറ്റോറിയവും പരിസരവും വൃത്തിയാക്കി. അഞ്ച് പഞ്ചായത്തുകളിലെയും വാണിജ്യ സ്ഥാപനങ്ങള്‍, വീടുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരാഴ്ച മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വെട്ടിക്കവലയിലെ ആറു പഞ്ചായത്തുകളിലും ഡിസിസി, സ്റ്റെപ് ഡൌണ്‍ സി.എഫ്.എല്‍.ടി.സികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നിടങ്ങളിലെല്ലാം ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ചവറയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ച് വീടുകള്‍ കേന്ദ്രീകരിച്ചുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കി. വരും ദിവസങ്ങളില്‍ ബ്ലോക്ക് പരിധിയിലെ എല്ലാ വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. ഓച്ചിറയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ പറഞ്ഞു. വീടുകളിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ വഴി ബോധവല്‍ക്കരണം നല്‍കി വരുന്നു.
പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍,കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വരും ദിവസങ്ങളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളെ ഉപയോഗപ്പെടുത്തി വീടുകള്‍ തോറും ബോധവല്‍ക്കരണ പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പരിപാടിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടി. അനില്‍കുമാര്‍ പറഞ്ഞു. ഇത്തിക്കര യില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓടകളും ഓഫീസ് പരിസരങ്ങളും വൃത്തിയാക്കി. പഞ്ചായത്ത് തല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഡി.സി.സി സജ്ജീകരിക്കുന്ന ചാത്തന്നൂര്‍ എം.ഇ.എസ് എന്‍ജിനീയറിങ് കോളേജും പരിസരവും അണുവിമുക്തമാക്കിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള പറഞ്ഞു.
ചിറ്റുമലയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും പ്രസിഡന്റ് ജയദേവി ടീച്ചറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. എല്ലാ പഞ്ചായത്തുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. ശാസ്താംകോട്ടയില്‍ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് തലത്തിനും ശുചീകരണ യജ്ഞം സംഘടിപ്പിച്ചതായി പ്രസിഡന്റ് അന്‍സാര്‍ ഷാഹി അറിയിച്ചു
മുഖത്തലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി. പഞ്ചായത്ത് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. നെടുമ്പന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും പരിസരവും അണുവിമുക്തമാക്കി. വാര്‍ഡ് തല സമിതികള്‍ മുഖേന വരുംദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും പ്രസിഡന്റ് ബി. യശോധ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.1199/2021)
- Log in to post comments