Skip to main content

കോവിഡിനോടൊപ്പം ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും പൊതുജനങ്ങൾ പങ്കാളികളാവണം: ഡിഎംഒ

കോവിഡിനോടൊപ്പം ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രാജൻ കെ ആർ അഭ്യർത്ഥിച്ചു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ചു എൻ എസ് എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ജില്ലാതല വെബ്ബിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാസറഗോഡ് ഗവ. കോളേജ് എൻ എസ് എസ് യൂണിറ്റ്  എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല  വെബ്ബിനാറിൽ ജില്ലാ മലേറിയ ഓഫീസർ സുരേശൻ വി അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, എൻ എസ് എസ് പ്രോഗ്രാം  ഓഫീസർ സുജാത എസ്, ഡി വി സി യൂണിറ്റ് ഹെൽത്ത്‌ സൂപ്പർവൈസർ  രാധാകൃഷ്ണൻ നായർ ഇ, ഡി വി സി യൂണിറ്റ് ഇൻസെക്ടർ കളക്ടർ
സുനിൽ എന്നിവർ
ആശംസകളർപ്പിച്ചു സംസാരിച്ചു. "ഡെങ്കിപ്പനിയും പ്രതിരോധ മാർഗങ്ങളും "എന്ന വിഷയത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മോഹനൻ ഇ ക്ലാസ്സെടുത്തു.
എൻ എസ് എസ് പ്രോഗ്രാം  ഓഫീസർ ആസിഫ് ഇക്ബാൽ കാക്കശേരി സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  സയന എസ് നന്ദിയും പറഞ്ഞു.
എല്ലാ വർഷവും മെയ്‌ 16  ന്  ദേശീയ ഡെങ്കിപ്പനി വിരുദ്ധ  ദിനാചരണമായി ആചരിച്ചു വരുന്നു .
'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും മരണം പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം. ഈ സന്ദേശത്തെ ആസ്പദമാക്കി വരുംദിവസങ്ങളിൽ  ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .

date