Skip to main content

കോവിഡ് പ്രതിരോധം ഡി. സി. സി. കള്‍ വ്യാപകമാക്കണം-ജില്ലാ കലക്ടര്‍

കോവിഡ് നിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഡൊമിസൈലറി കോവിഡ് കെയര്‍ സെന്ററുകള്‍(ഡി.സി.സി) വ്യാപകമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്.
രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ ഡി. സി. സികളുടെ പ്രവര്‍ത്തനം നിര്‍ണായകമാണ്. ഇനിയും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണം. വീടുകളില്‍ നിന്നും വലിയ തോതില്‍ രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ ഡി. സി. സികളിലേക്ക് മാറണം. ഇതിന്റെ നടപടിക്രമങ്ങളുടെ ഏകോപനത്തിന് അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണറേയും (ജനറല്‍) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും നഗരസഭാ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍  പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തിലറിയിച്ചിട്ടുണ്ട്.
ജില്ല വിട്ടുവരുന്നവരും അന്യസംസ്ഥാന തൊഴിലാളികളും ചെക്ക് പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ആര്‍.ടി.പി.സി.ആര്‍.  നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 14 ദിവസം സ്ഥാപന നിരീക്ഷണത്തില്‍ കഴിയണം. കടലോരപ്രദേശത്ത് കാണുന്ന ചീട്ടുകളി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപന അധികാരികള്‍ കാര്യക്ഷമായി നടത്തണം, കലക്ടര്‍ അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അഡീഷണല്‍ റൂറല്‍ എസ്.പി, പുനലൂര്‍ ആര്‍.ഡി. ഒ. ബി. ശശികുമാര്‍, എ. ഡി. എം. ടിറ്റി ആനി ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1215/2021)

date