Skip to main content

കോവിഡ് ചികിത്സ: പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

കോവിഡ് ചികിത്സയില്‍ ജില്ല കൈവരിച്ച പുരോഗതി മുന്‍നിര്‍ത്തി വിദഗ്ധരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. രോഗവ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വയനാടിന്റെ ആരോഗ്യരംഗം ആര്‍ജ്ജിച്ച അനുഭവങ്ങള്‍ പരസ്പരം കൈമാറുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അധ്യക്ഷത വഹിച്ചു. ഡോ. അജിത്ത്, ഡോ. സോണി പി സണ്ണി (വയനാട് ഗവ. മെഡിക്കല്‍ കോളേജ്), ഡോ. വാസിഫ്, ഡോ. ആഷിക് ( ഡിഎം വിംസ് മെഡിക്കല്‍ കോളേജ്), ഡോ. കര്‍ണ്ണന്‍, ഡോ. എസ് പ്രഷീന്‍ (താലൂക്ക് ആശുപത്രി സുല്‍ത്താന്‍ ബത്തേരി), ഡോ. ഡിബിന്‍ കുമാര്‍, ഡോ. മുഹമ്മദ് അബ്ദുള്ള ജവാദ് (ഇഖ്‌റ ആശുപത്രി സുല്‍ത്താന്‍ ബത്തേരി) എന്നിവരടങ്ങുന്ന പാനലുകള്‍ അതാത് ആശുപത്രികളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രായോഗികമായി ലഭിച്ച അറിവുകളെ കുറിച്ചും മറ്റുള്ളവരുമായി സംവദിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ജില്ലാ കലക്ടര്‍ക്ക് കൈമാറും. ഇതു മുന്‍നിര്‍ത്തിയുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ലക്ഷ്യം.   ഡിഎം വിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഹിഷാം മൂസാന്‍ മോഡറേറ്ററായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, മുതിര്‍ന്ന ഡോക്ടര്‍മാരായ ഭാസ്‌കരന്‍, കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മറ്റു ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date