Skip to main content

കോവിഡ്  സ്‌ക്വാഡ് പരിശോധന : 31 കേസുകളില്‍ പിഴചുമത്തി

കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനുമായി നടത്തുന്ന സ്‌ക്വാഡ് പരിശോധനകളില്‍ ജില്ലയില്‍ 31 കേസുകളില്‍ പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
കലക്ടറുടെ നിര്‍ദ്ദേശപ്രകാരം കുന്നത്തൂര്‍ താലൂക്കിലെ പത്മാവതി ആശുപത്രിയില്‍  പരിശോധന നടന്നു. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ സൂപ്രണ്ട്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തഹസ്സില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ നടന്ന  താലൂക്ക്തലപരിശോധനയില്‍ 54 കേസുകളില്‍ താക്കീത് നല്‍കി. നാലു കേസുകള്‍ക്ക് പിഴയീടാക്കി.
കൊട്ടാരക്കരയിലെ വിവിധ മേഖലകളില്‍  നടത്തിയ പരിശോധനയില്‍ 136 കേസുകള്‍ക്ക് താക്കീത് നല്‍കി. 18 എണ്ണത്തിന്  പിഴ ഈടാക്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
കരുനാഗപ്പള്ളി, ചവറ, ക്ലാപ്പന, തഴവ, തേവലക്കര, ഓച്ചിറ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 88 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ഒന്‍പത് എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബെന്‍സി മാത്യു, ലില്ലി ഇഗ്‌നേഷ്യസ്, സജികുമാര്‍, ഹരീന്ദ്രകുമാര്‍, ജലന്ദര്‍, മീര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരം ടൗണ്‍, ആവണീശ്വരം എന്നിവിടങ്ങളില്‍  നടത്തിയ പരിശോധനയില്‍ എട്ട് കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി എസ്.കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനലൂര്‍ മാര്‍ക്കറ്റ്, വാളക്കോട്, തൊളിക്കോട് എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. അനീസയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 21 കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1220/2021)

date