Skip to main content

അഞ്ചരക്കണ്ടി മെഡി. കോളേജ് ഏറ്റെടുക്കല്‍: താല്പര്യമുള്ളവര്‍ക്ക് താല്‍ക്കാലിക നിയമനം

കൊവിഡ് ചികിത്സ സൗകര്യം ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്ത അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് എന്‍ എച്ച് എം വഴി താല്‍ക്കാലിക നിയമനം നല്‍കും. സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് മുതലായ ആശുപത്രി ചികിത്സാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ഏറ്റെടുക്കല്‍ മൂലം താല്‍ക്കാലികമായി ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. മെഡിക്കല്‍ കോളേജില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കൊവിഡ് ചികിത്സ കേന്ദ്രത്തിലോ ജില്ലയിലെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലോ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി എന്ന സ്ഥാപനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്ത് നടത്തുന്ന കാലം വരെ മാത്രമായിരിക്കും നിയമനം.
സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ക്ക് വിധേയമായി ജീവനക്കാരുടെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക നിയമനം നല്‍കുക.  താല്‍പ്പര്യമുള്ള ജീവനക്കാര്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ശുപാര്‍ശ / സാക്ഷ്യപത്രവുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
മെയ് 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി dpmknr@gmail.com എന്ന ഇ -മെയിലിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

date