Skip to main content

ജില്ലയില്‍ കൂടുതല്‍ ഡി.സി.സികള്‍ തുറന്നു

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഡോമിസിലറി കെയര്‍ സെന്ററുകള്‍ തുറന്നു. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും  അണുനശീകരണത്തിനും  മുന്‍തൂക്കം നല്‍കുന്നതായി തദ്ദേശസ്ഥാപന പ്രതിനിധികള്‍ അറിയിച്ചു.
പത്തനാപുരം ബ്ലോക്ക് പരിധിയിലെ തലവൂര്‍ പഞ്ചായത്തില്‍ ഡി.സി.സിയുടെ പ്രവര്‍ത്തനം ഇന്ന് (മെയ് 20) ആരംഭിക്കും. 50 പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ 640 രോഗികളുണ്ട്. ഏഴു വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണ്‍ ആണ്. പഞ്ചായത്തിലെ നടുത്തേരി യു.പി.എസില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കള വഴി ദിവസവും മൂന്നൂറ് പേര്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നു. ഒരു വാര്‍ഡില്‍ അഞ്ചെണ്ണം വീതം 100 ഓക്‌സി മീറ്ററുകള്‍  ഉടന്‍ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാവേദി പറഞ്ഞു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഡി.സി.സികള്‍ ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി പറഞ്ഞു.  ശാസ്താംകോട്ട പ്രീ-മെട്രിക് ഹോസ്റ്റലില്‍ ആരംഭിച്ച ഡി.സി.സി  കെ. സോമപ്രസാദ് എം. പിയും,    പോരുവഴി പഞ്ചായത്തില്‍ ആരംഭിച്ച ഡി.സി.സി കൊടിക്കുന്നില്‍ സുരേഷ് എം.പിയും  ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ടയിലെ  കേന്ദ്രത്തില്‍  25 കിടക്കകളാണ് ഉള്ളത്. പോരുവഴി പഞ്ചായത്തിലെ  ഡി.സി.സിയില്‍ 25 കിടക്കകളുണ്ട്. പ്രീമെട്രിക് ഹോസ്റ്റലിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്.
ശൂരനാട് തെക്ക് ആരംഭിച്ച ഡി.സി.സി   കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. മിത്ര സെന്‍ട്രല്‍ സ്‌കൂളിലാണ് 30 കിടക്കകളോട് കൂടിയ ഡി.സി. സി  ആരംഭിച്ചത്. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ ജനകീയ അടുക്കള ആരംഭിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വീടുകളില്‍   സന്നദ്ധപ്രവര്‍ത്തകരുടെ കര്‍മ്മ സേന രൂപീകരിച്ച് ‘കെയര്‍ ചവറ'യുടെ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് ആയി രോഗ മുക്തരായവരുടെ വീടുകളില്‍ അണുനശീകരണം നടത്തി. നാലു പേര്‍ അടങ്ങിയ സംഘങ്ങളായാണ് സന്നദ്ധപ്രവര്‍ത്തകര്‍ പി.പി.ഇ. കിറ്റ് ധരിച്ച അണുനശീകരണം നടത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡോമിസിലറി കെയര്‍ സെന്ററില്‍ ഇതുവരെ 30 രോഗികളെ പ്രവേശിപ്പിച്ചു.
പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ മരുതമണ്‍പള്ളി മാര്‍ ബസേലിയോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി  ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 100 കിടക്കകള്‍, മുഴുവന്‍ സമയ ആംബുലന്‍സ് സേവനമടക്കമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊട്ടാരക്കര നഗരസഭയിയിലും ഡി.സി.സി പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് ഗ്രിഗോറിയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 40 കിടക്കകളോടെ ആരംഭിച്ച ഡി.സി.സിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എ. ഷാജു നിര്‍വഹിച്ചു. കോവിഡ് പ്രതിരോധത്തിനായി ആംബുലന്‍സ് അടക്കമുള്ള കൂടുതല്‍ വാഹനങ്ങളുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്ക് നാല് ലക്ഷം രൂപ നല്‍കി. ആന്റിജന്‍ കിറ്റ്, പി.പി.ഇ. കിറ്റ് തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായവ ലഭ്യമാക്കുന്നതിനായാണ് തുക കൈമാറിയത്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ക്കായി 700 പി.പി.ഇ കിറ്റ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റുമാര്‍ മുഖേനയാണ് അതാത് പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത്. മര്‍ത്തോമ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 30 രോഗികളുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.
കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലെ  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 50 കിടക്കകളോട് കൂടിയ ഡോമിസിലറി കെയര്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി മുന്‍സിപ്പല്‍ പരിധിയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ആന്റിജന്‍-ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും കാര്യക്ഷമമായി നടക്കുന്നു.
പുനലൂര്‍ നഗരസഭയില്‍ നെല്ലിപ്പള്ളിയിലുള്ള പോളിടെക്‌നിക് വനിതാ ഹോസ്റ്റലില്‍ 13 കിടക്കകളുള്ള  ഡി.സി.സി  പ്രവര്‍ത്തനമാരംഭിച്ചു. നിയുക്ത എം. എല്‍ എ. പി. എസ്. സുപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വസന്താരഞ്ചന്‍, ആര്‍.ഡി.ഒ. ബി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1230/2021)
 

date