Skip to main content

കോവിഡ് സ്‌ക്വാഡ് പരിശോധന: 18 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 18 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര താലൂക്കിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 136 ഇടത്ത് മാനദണ്ഡലംഘനം കണ്ടെത്തുകയും ഏഴു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍  ജി. അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരം തഹസില്‍ദാര്‍ സജി.എസ്.കുമാറിന്റെ നേതൃത്വത്തില്‍  പത്തനാപുരം, പിറവന്തൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ അഞ്ചല്‍, ഇടമുളയ്ക്കല്‍, അഗസ്ത്യക്കോട്, ഏരൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലം തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ തൃക്കടവൂര്‍, കാവനാട് മേഖലകളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി. സര്‍ക്കാര്‍ നിരക്കിലാണ് മരുന്നു വില്പന നടത്തുന്നതെന്ന് ഉറപ്പ് വരുത്തി.
കരുനാഗപ്പള്ളി താലൂക്കില്‍ തഹസീല്‍ദാര്‍ കെ. ജി. മോഹന്റെ നേതൃത്വത്തില്‍ അയണിവേലികുളങ്ങര കോവിഡ് പരിശോധനാ കേന്ദ്രവും പരിസരവും പരിശോധിക്കുകയും ഇവിടെ എത്തുന്നവര്‍ക്ക് തടസമായിരുന്ന തട്ടുകട ഒഴിപ്പിക്കുകയും ചെയ്തു. ഓച്ചിറ, ചവറ എന്നിവിടങ്ങളിലെ രണ്ടു മാര്‍ക്കറ്റുകളിലും പരിശോധന നടത്തി. കരുനാഗപ്പള്ളി, ആലപ്പാട്,  ക്ലാപ്പന,  തഴവ, തേവലക്കര പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 72 കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുകയും ഏഴു പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
കുന്നത്തൂരില്‍ പോരുവഴി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍  തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ നാലു സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി. 46 എണ്ണത്തിന് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1247/2021)
 

date