Skip to main content

കോവിഡ് 19 പ്രതിരോധം ശക്തമാക്കി തദ്ദേശസ്ഥാപനങ്ങള്‍

ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍, ഹെല്‍പ് ഡെസ്‌ക്, വാര്‍ റൂം, ജാഗ്രതാസമിതികള്‍ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.  വെട്ടിക്കവല ബ്ലോക്കിലെ ഉമ്മന്നൂര്‍, മൈലം പഞ്ചായത്തുകളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍  നിയന്ത്രണങ്ങള്‍ ശക്തമാക്കി.  ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാണ്. മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ വഴി ഓരോ വാര്‍ഡുകളിലും  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടി. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രതിരോധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പോലീസ്-റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ കോവിഡ് നിയമലംഘനങ്ങള്‍ തടയുന്നതിന് നിരീക്ഷണം ശക്തമാക്കി. പൊതു ഇടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. അധ്യാപകരുടെ സേവനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കിയതായി ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു.
മൈലം ഗ്രാമപഞ്ചായത്തില്‍ ഇന്ന്(മെയ് 22) മുഴുവന്‍ ആര്‍.ആര്‍.ടി അംഗങ്ങള്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു. എം. ജി. എം. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ 72 പേര്‍ ചികിത്സയിലുണ്ട്. രണ്ട് ഡോക്ടര്‍മാര്‍, ആറു നേഴ്‌സുമാര്‍ എന്നിവരുടെ സേവനം ഒരുക്കിയിട്ടുണ്ട്. 20 വാര്‍ഡുകളിലായി 40 പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു.
ചടയമംഗലം ബ്ലോക്കിലെ മാര്‍ത്തോമ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 38 രോഗികളുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രി, നിലമേല്‍, വെളിനല്ലൂര്‍ സി.എച്ച്.സികള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ  മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി നല്‍കി, പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.
ചിറ്റുമലയില്‍  കിഴക്കേ കല്ലട സി.വി.കെ.എം.എച്ച്.എസില്‍ 75 കിടക്കകളോട് കൂടിയ ഡി.സി.സി ഇന്ന്(മെയ് 22)പ്രവര്‍ത്തനം ആരംഭിക്കും. കുണ്ടറ ഐ.എച്ച്.ആര്‍. ഡി കോളേജില്‍ 50 കിടക്കകളോടെ ഡി.സി.സി ആരംഭിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് പറഞ്ഞു. 12 സന്നദ്ധസേന അംഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ജാഗ്രതാ സമിതി, ജനകീയ അടുക്കള, എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 5000 സ്ട്രിപ്പ് ഹോമിയോ മരുന്ന് വാര്‍ഡുകളില്‍ വിതരണം ചെയ്തു.
നീണ്ടകരയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനസജ്ജമായി. കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും  സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലും ഭക്ഷണപ്പൊതി ഇവിടെ നിന്നും ലഭിക്കും. തഴവ ഗ്രാമപഞ്ചായത്തില്‍ അറുപതോളം കിടക്കകളുള്ള സി.എഫ്.എല്‍.ടി.സിയും പ്രവര്‍ത്തന സജ്ജമാണ്.
പത്തനാപുരത്തെ തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30.65% ശതമാനമാണ്. ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 50 കിടക്കകളുള്ള ഡി.സി.സിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച ആരംഭിക്കും.  സാമൂഹിക അടുക്കള വഴി ദിവസവും 300 പേര്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നു. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു. ആയുര്‍വേദ മരുന്നുകളുടെ വിതരണം ഇന്ന് (മെയ് 22)മുതല്‍ ആരംഭിക്കുമെന്ന് തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് കലാദേവി പറഞ്ഞു.
കരുനാഗപ്പള്ളി നഗരസഭയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. വാര്‍ഡുതലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച്  രോഗബാധിതരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും ഓക്‌സിജന്‍ അളവ് പരിശോധിക്കുന്നുണ്ട്. ആവശ്യ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
പുനലൂരില്‍ രോഗബാധിതരുടെ എണ്ണം കൂടിയ  സാഹചര്യത്തില്‍  ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ എല്ലാം അടച്ചു. മെഡിക്കല്‍ സ്റ്റോര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും രോഗികള്‍ക്ക്  രണ്ടാംഘട്ട മരുന്നുകള്‍, മാസ്‌ക്, സാനിറ്റൈസര്‍  എന്നിവ വിതരണം ചെയ്തു. മൊബൈല്‍ മെഡിക്കല്‍ ടീം വഴി ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. 18 മുതല്‍ 45 വരെ പ്രായമുള്ള 250 പേര്‍ക്ക് ഇന്നലെ (മെയ് 21) പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വാക്‌സിന്‍ നല്‍കിയതായും നഗരസഭ  ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
പരവൂര്‍ നഗരസഭ പരിധിയില്‍ 379 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. 325 പേര്‍ വീടുകളിലും 30 പേര്‍ വിവിധ ആശുപത്രികളിലും 24 പേര്‍ ഡി.സി.സിയിലും ചികിത്സയിലുണ്ട്. 32 വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്ന വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകളില്‍ 10 സന്നദ്ധ പ്രവര്‍ത്തകരും ഡാറ്റാ കളക്ഷന് നഗരസഭാ ജീവനക്കാരുമുണ്ട്.
(പി.ആര്‍.കെ നമ്പര്‍.1248/2021)
 

date