Skip to main content

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളില്‍  സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും 

കാട്ടുപന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

       കോന്നി നിയോജക മണ്ഡലത്തില്‍ കാട്ടുപന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും വ്യാപക അക്രമം ജനങ്ങളുടെ ജീവനും കൃഷിക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എം.എല്‍.എ സബ്മിഷനില്‍ പറഞ്ഞു.  രണ്ടു മനുഷ്യ ജീവന്‍ തന്നെ നഷ്ടപ്പെട്ടു. രൂക്ഷമായ പന്നി ശല്ല്യം കാരണം കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ടാപ്പിംഗ് നടത്താന്‍ പോലും തൊഴിലാളികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നി പിന്നീട് കാട്ടിലേക്കു മടങ്ങുന്നില്ല. ഇതില്‍ നിന്നെല്ലാം കര്‍ഷകരെയും ജനങ്ങളേയും രക്ഷിക്കാന്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

       വന്യമൃഗ ആക്രമണത്തിന് പ്രതിവര്‍ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നഷ്ട പരിഹാരം നല്കുന്നതും കേരളത്തിലാണ്. ജനങ്ങളുടെയും കര്‍ഷകരുടെയും സംരക്ഷണത്തിനായി 13 ജില്ലകളില്‍ വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ വേലികളും ആന പ്രതിരോധ മതിലുകളു കിടങ്ങുകളും വന്യമൃഗ കടന്നുകയറ്റം തടയാനായി നിര്‍മ്മിക്കുന്നുണ്ട്. 1980ലെ നിയമ നിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവുകള്‍ പ്രകാരമാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്കുന്നത്. വന്യജീവി അക്രമണം പല ജില്ലകളിലും രൂക്ഷമായ സാഹചര്യം നിലവിലുണ്ട്.ഇത് പരിഹരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി മറുപടിയില്‍ ഉറപ്പു നല്കി.

date