Skip to main content

എന്റെ വാർഡ് ഒരു കൈ സഹായം' പദ്ധതിയിൽ ഭക്ഷ്യകിറ്റും നോട്ട്ബുക്കും വിതരണം ചെയ്തു  

 

എറണാകുളം : കോവിഡ്, കടൽക്ഷോഭ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എടവനക്കാട് എട്ടാംവാർഡിൽ നാട്ടുകാർക്ക് കൈത്താങ്ങായി ഗ്രാമപഞ്ചായത്തംഗം  അജാസ് അഷ്‌റഫ്. അജാസിന്റെ  'എന്റെ വാർഡ് ഒരു കൈ സഹായം' പദ്ധതിയിൽ സമാഹരിച്ച ഭക്ഷ്യകിറ്റുകളുടെയും  കുട്ടികൾക്ക് നോട്ട് ബുക്കുകളുടെയും വിതരണം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ  ഉദ്ഘാടനം ചെയ്‌തു.
'എന്റെ വാർഡ് ഒരു കൈ സഹായം' എന്ന പേരിലുള്ള പദ്ധതി ആവിഷ്‌കരിച്ച ജനപ്രതിനിധി അജാസ് അഷറഫിനെയും  നോട്ട് ബുക്കുകൾക്കാവശ്യമായ തുക സമ്പാദ്യക്കുടുക്കയിൽ നിന്ന് നൽകിയ കുട്ടികളെയും എംഎൽഎ അഭിനന്ദിച്ചു.
എട്ടാം  വാർഡിലെ നൗഫൽ ഖയ്യൂം റിൻഷാ ദമ്പതികളുടെ മക്കളായ നൈറ, റയാൻ, നൈല എന്നിവർ തങ്ങളുടെ  കുടുക്കകൾ പൊട്ടിച്ച് കിട്ടിയ പണമാണ് നോട്ടുബുക്കുകൾക്കായി  പഞ്ചായത്തംഗത്തിനു കൈമാറിയത്. ചടങ്ങിൽ അജാസ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ എ സാജിത്ത്, കെ കെ ഷാലി,സദാശിവൻ ,  ഇ സി  ശിവദാസ്, എ പി പ്രിനിൽ, കെ യു ജീവൻ മിത്ര എന്നിവർ സന്നിഹിതരായിരുന്നു .

 

date