Skip to main content

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി വിപുലമായ പദ്ധതികൾക്ക് രൂപം നൽകും 

  എറണാകുളം: ജില്ലയിൽ  കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിപുലമായ രോഗപ്രതിരോധ പദ്ധതികൾക്ക് രൂപം നൽകും. ശിശുരോഗ വിഭാഗത്തിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിൽ കോവിഡ് പരിശോധന ശക്തമാക്കും.
   അവശ്യസേവന വിഭാഗത്തിൽ ഉള്ളവർ,  കമ്പനി തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകൾ നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി കുറയുന്നതായി യോഗം വിലയിരുത്തി.
   കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിൽ ഇടറോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് മേയർ എം. അനിൽകുമാർ നിർദ്ദേശിച്ചു. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി ചൊവ്വാഴ്ച ഓൺലൈൻ യോഗം ചേരും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date