Skip to main content

പൊക്കാളി കൃഷി പരിപാലനത്തിന് കൂട്ടായ ശ്രമം വേണം: കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ 

 

എറണാകുളം : വൈപ്പിൻകരയുടെ  തനത് കാർഷിക പൈതൃകമായ പൊക്കാളി കൃഷി പരിപാലിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും കൂട്ടായ ശ്രമം വേണമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. തദ്ദേശ സ്ഥാപനങ്ങളും കൂട്ടായ്‌മകളും വ്യക്തികളും ഇതിന് മുന്നിട്ടിറങ്ങണം എന്ന് 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വൈപ്പിൻ ബ്ലോക്ക് തല ഉദ്ഘാടനം നടത്തികൊണ്ട് സംസാരിക്കുകയായിരുന്നു എംഎൽഎ. ബന്ധപ്പെട്ട വകുപ്പ് അധികൃതരുമായിച്ചേർന്ന് ഇതിനുവേണ്ട എല്ലാ പിന്തുണയും ലഭ്യമാക്കും. സംസ്ഥാനത്തു  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  'വിഷരഹിതമായ ജൈവപച്ചക്കറി വീട്ടുവളപ്പിൽ തന്നെ വിളയിച്ചെടുക്കുക എന്ന ലക്‌ഷ്യം കൈവരിക്കുന്നതിൽ മികച്ച നിലയിൽ മുന്നേറിയിട്ടുണ്ട്. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി  കൂടുതൽ ഉണർവ്വ് നൽകുമെന്നും എംഎൽഎ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വിത്തുകളും വ്യക്തികൾക്കും കർഷക ഗ്രൂപ്പുകൾക്കും വിതരണം ചെയ്‌തു. 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സുബോധ ഷാജി,  ബ്ലോക്ക് പഞ്ചായത്ത്  അംഗം അഗസ്റ്റിൻ മണ്ടോത്ത്‌, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ പി വി സൂസി, സെക്രട്ടറി ശ്രീലത നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു .

ഫോട്ടോക്യാപ്‌ഷൻ : 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി വൈപ്പിൻ ബ്ലോക്ക് തല ഉദ്ഘാടനത്തിന്റെ ഭാഗമായി   കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ  പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു.

date