എറണാകുളം അറിയിപ്പുകള്‍
റാഞ്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു
കൊച്ചി: മൂവാറ്റുപുഴബ്ലോക്ക് 'വെള്ളൂര്‍കുന്നം അമ്പലക്കടവില്‍' 1,10,000 കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഉഷ ശശീധരന്‍ റാഞ്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. റാഞ്ചിംഗ് പദ്ധതി വഴി 10 ടണ്‍ അധിക മത്സ്യ ഉല്‍പാദനവും 15 ലക്ഷം രൂപയ്ക്കുള്ള അധിക വരുമാനവും ജില്ലയില്‍ പ്രതീക്ഷിക്കുന്നു.
ഉള്‍നാടന്‍ മത്സ്യഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ മത്സ്യ വകുപ്പ് വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ഉള്‍നാടന്‍ പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം അഥവാ 'റാഞ്ചിംഗ്. കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിതചൂഷണം, മത്സ്യരോഗങ്ങള്‍ എന്നീ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പൊതു ജലാശയങ്ങളില്‍ റാഞ്ചിംഗ് പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. 2018-19 വര്‍ഷം 20 ലക്ഷം രൂപ എറണാകുളം ജില്ലയ്ക്കായി ഉള്‍നാടന്‍ പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം അഥവാ റാഞ്ചിംഗ് പദ്ധതിയ്ക്കായി വകയിരിത്തിയിട്ടുണ്ട്.
ചടങ്ങില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ആഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ് (മേഖല) എറണാകുളം ഡോ. സീമ സി., മൂവാറ്റുപുഴ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എ. സഹീര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ദിലീപ്, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്‌കുമാര്‍, കെ. എ. അബ്ദുള്‍ സലാം, സി. എം. ഷുക്കൂര്‍, എഫ്എഫ്ഡി എക്‌സറ്റന്‍ഷന്‍ ആഫീസര്‍ ദേവി ചന്ദ്രന്‍, പ്രൊജക്ട് കോ-ഓഡിനേറ്റര്‍മാരായ ആന്‍ഡ്രിയ, സ്വരുമോള്‍, ജയരാജ് , മറ്റുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ്
മജിസ്‌ട്രേറ്റ്-ഒന്ന്; അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണററി സ്‌പെഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ്-ഒന്ന് എറണാകുളം ആയി നിയമിക്കുന്നതിന് ഇനി പറയുന്ന യോഗ്യതയുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 27-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ ലഭിക്കണം.
ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയ, കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും തസ്തികകളില്‍ ജോലി ചെയ്തിട്ടുളള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഏഴു കൊല്ലത്തില്‍ കുറയാതെ നിയമം കൈകാര്യം ചെയ്തിട്ടുളളവരോ ആയിരിക്കണം. അല്ലെങ്കില്‍ ഒരു ജുഡീഷ്യല്‍ തസ്തികയില്‍ മൂന്നു കൊല്ലത്തില്‍ കുറയാതെ സേവനം നടത്തി ഹോണററി മജിസ്‌ട്രേറ്റായി അഞ്ചുകൊല്ലത്തില്‍ കുറയാതെ സേവനം ചെയ്തിരിക്കണം. അല്ലെങ്കില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് പാസായിരിക്കുകയോ, തത്തുല്യമായി ഏതെങ്കിലും യോഗ്യത നേടിയിരിക്കുകയോ വേണം. ശാരീരികമായും മാനസികമായും സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സേവനം അനുഷ്ഠിക്കുവാന്‍ കഴിവുണ്ടായിരിക്കണം. കോടതി ഭാഷ കൈകാര്യം ചെയ്യുവാന്‍ ആവശ്യമായ പരിജ്ഞാനം ഉണ്ടായിരിക്കണം. 65 വയസില്‍ കൂടുവാന്‍ പാടില്ല. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അഭിഭാഷകര്‍ക്ക് ഈ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയില്ല. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ അയോഗ്യരാണ്. വകുപ്പ്തല ശിക്ഷാനടപടികള്‍ക്ക് വിധേയരായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
റണ്ണിംഗ് ദര്‍ഘാസ് ക്ഷണിച്ചു
കൊച്ചി: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി ലാബിലെ ഫുളളി ഓട്ടോ അനലൈസര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 2018 ജൂണ്‍ ഒന്നു മുതല്‍ ഒരു വര്‍ഷം കാലയളവില്‍ ട്രാന്‍സേഷ്യ കമ്പനിയുടെ ലാബ് റീ ഏജന്‍സും ഹെമറ്റോളജി അനലൈസര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അഗാപ്പെ കമ്പനിയുടെ ലാബ് റീ ഏജന്‍സും വിതരണം ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അടങ്കല്‍ തുക ഒരു വര്‍ഷത്തേക്ക് ഏകദേശം 2,00,000 രൂപ. ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ് ഉച്ചയ്ക്ക് 12 വരെ.
കേന്ദ്ര പദ്ധതികള്‍ : പ്രദര്‍ശനവും ബോധവത്ക്കരണ
പരിപാടികളും മണീട് ഗ്രാമ പഞ്ചായത്തില്‍
കൊച്ചി: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് ത്രിദിന പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും മണീട് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്നു. പഞ്ചായത്ത് അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നാളെ ( മെയ് 31) രാവിലെ 10.30ന് മണീട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സ്വയം തൊഴില്‍ സാധ്യതകളെക്കുറിച്ചും അവയ്ക്കായുള്ള ബാങ്ക് വായ്പകളെക്കുറിച്ചും ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം സീനിയര്‍ ഫാക്കല്‍റ്റി അനില്‍കുമാര്‍ ക്ലാസ് എടുക്കും.
ജൂണ്‍ 1-ന് രാവിലെ 10.30ന് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും 2-ന് രാവിലെ 10.30ന് നൈപുണ്യ വികസനത്തെക്കുറിച്ചും ക്ലാസ് ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പുതുതായി രൂപവല്‍ക്കരിച്ച റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി ജൂണ്‍ 2-ാം തീയതി (ശനിയാഴ്ച) സമാപിക്കും. മണീട് ഗ്രാമ പഞ്ചായത്തിന്റേയും ഐസിഡിഎസ്, കുടുംബശ്രീ, ദേശീയ ആരോഗ്യദൗത്യം എന്നിവയുടേയും സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം, കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം (ഡിഎവിപി), സോംഗ് ആന്റ് ഡ്രാമാ ഡിവിഷന്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മാധ്യമ വിഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് രൂപം കൊടുത്ത പുതിയ മാധ്യമ വിഭാഗമാണ് റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ.
സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗം
കാക്കനാട്: വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര സുഗമമാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ (ജൂണ്‍ 1) വൈകുന്നേരം മൂന്നിന് കലക്ടറുടെ ചേമ്പറില്‍ ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗം ചേരുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments