സഞ്ചാരികള്‍ക്ക് ഔഷധകാറ്റേകാന്‍ ചെറുചക്കിച്ചോല
തൃശൂര്‍ ടൗണില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയുള്ള ചെറുചക്കിചോല വിനോദ സഞ്ചരികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ചെറുചക്കിചോലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഔഷധവന ഉദ്യാനം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും വനംവകുപ്പും വന സംരക്ഷണ സമിതിയും ഔഷധിയും കൈകോര്‍ത്ത് ചിറ്റണ്ട ചെറുചക്കിചോല ടൂറിസം ഡെസ്റ്റിനേഷനില്‍ ഔഷധവനോദ്യാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
133 ഓളം വരുന്ന ഔഷധ സസ്യങ്ങളാണ് വനോദ്യാനത്തില്‍ തണല്‍ വിരിക്കുക. 3000 ഔഷധ സസ്യങ്ങള്‍ ഇവിടെ ടൂറിസത്തിന്‍റെ ഭാഗമായി നട്ടുവളര്‍ത്തുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുഴിയെടുത്ത്, തൈനട്ട്, ജൈവവേലി കെട്ടി സംരക്ഷിക്കലും പരിപാലനവും അടങ്ങുന്നതാണ് ഈ പദ്ധതി. ദന്തപ്പാല, നീലഉമ്മം, എരുക്ക് ഇത്തി, പാതിരി, ഏലിലം പാല തുടങ്ങി 133 ഇനം ഔഷധ സസ്യങ്ങളാണ് ഇവിടെ നടാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്തത് കുന്നംകുളം എം.എല്‍.എയും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി മൊയ്തീനായിരുന്നു. വിനോദത്തിന് പുറമേ പ്രകൃതി നിരീക്ഷണം, പക്ഷിനിരീക്ഷണം, മലകയറ്റം, വനസഞ്ചാരം തുടങ്ങിയവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഹൃദയം കവരും ചോല
എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുചക്കി ചോല. പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്നയിടം. ചോലയിലെത്താന്‍ ഒരു കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം. മണ്‍സൂണ്‍ കാലത്താണ് ചെറുചക്കിചോല നിറഞ്ഞൊഴുകി കൂടുതല്‍ മനോഹരമാകുന്നത്. ചെറുതും വലുതുമായ ഏഴോളം വെള്ളച്ചാട്ടങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം.
പേരിന് പിന്നിലെ കഥ
ചെറുചക്കി എന്ന പേരിന് പിന്നിലെ കഥയും വിനോദ സഞ്ചരികള്‍ക്ക് ഏറെ കൗതുകമുണ്ടാക്കുന്നുണ്ട്.
പണ്ട് ഇവിടം ഭരിച്ചിരുന്ന ഒരു കാട്ടുമൂപ്പന് ഏറെകാത്തിരുന്ന് പിറന്ന കുഞ്ഞായിരുന്നു ചെറു ചക്കി. മകളെ കാടിനു പുറത്തു വിടാതെ മൂപ്പന്‍ കെട്ടിയിട്ടെന്നും ബന്ധനസ്ഥയായ ചെറുചക്കിയുടെ കണ്ണീരാണ് ചെറുചക്കി ചോലയായി ഒഴുകുന്നത് എന്നുമാണ് കഥ.
കഥയിലെ സത്യമെന്തായാലും അരുവികളും വെള്ളച്ചാട്ടങ്ങളും, ചെക്ക് ഡാമും, തട്ട്മടയും, നരിമടയും വാച്ച്ടവറും ഒക്കെയായി സഞ്ചരികളുടെ മനം കവരാനുള്ളതെല്ലാം ഇവിടെയുണ്ട്.
കോവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഇക്കോ ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
- Log in to post comments