Skip to main content

പെൻഷൻ: അംഗത്വം പുനഃസ്ഥാപിക്കാൻ ജൂൺ 30 വരെ കുടിശ്ശിക തുക അടയ്ക്കാം

 

പത്രപ്രവർത്തക / പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ  അംഗത്വം നേടിയതിനു ശേഷം, 2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ 6 മാസത്തിലധികം അംശദായ കുടിശ്ശിക വന്ന്  അംഗത്വം റദ്ദായവർക്ക് അതു പുനഃസ്ഥാപിക്കാൻ വേണ്ടി 2021 ജൂൺ 30 വരെ ബന്ധപ്പെട്ട ഓഫീസിൽ കുടിശ്ശിക തുക 15% പിഴപ്പലിശ സഹിതം അടയ്ക്കാമെന്ന് ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട 2021 മെയ് 4ലെ സർക്കാർ ഉത്തരവുകൾ പ്രകാരമാണ് നടപടി. അംഗത്വം പുനഃസ്ഥാപിക്കാനായി  അപേക്ഷകർ താഴെ പറയുന്ന രേഖകൾ മേഖലാ /ജില്ലാ ഓഫീസിൽ ലഭ്യമാക്കണം:

(1) എന്നു മുതൽ അംശദായം മുടങ്ങി എന്നും മുടങ്ങിയതിൻ്റെ കാരണവും വ്യക്തമാക്കുന്ന അപേക്ഷ. (2) നിലവിൽ പത്രപ്രവർത്തകരായി/പത്രപ്രവർത്തകേതര ജീവനക്കാരനായി ജോലി ചെയ്യുന്നുണ്ട് എന്നു തെളിയിക്കുന്ന അസ്സൽ തൊഴിൽ സർട്ടിഫിക്കറ്റ്.   (3) മുമ്പ് അംഗത്വം റദ്ദായിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര തവണ  പുനഃസ്ഥാപിക്കപ്പെട്ടു എന്നും ബോധിപ്പിക്കുന്ന രേഖ (അപേക്ഷകൻ വെള്ളക്കടലാസിൽ തയ്യാറാക്കിയ 'സത്യപ്രസ്താവന'). (4) ഏറ്റവും ഒടുവിലത്തെ അടവു വിവരം വരെ രേഖപ്പെടുത്തിയ പാസ് ബുക്ക്.

മേൽപ്പറഞ്ഞ കാലയളവിലെ കുടിശ്ശിക മൂലമാണ് അംഗത്വം റദ്ദായതെന്നും അംശദായം മുടങ്ങിയതു മുതൽ തുക അടയ്ക്കുന്ന/തൊട്ടുമുമ്പുള്ള മാസം  വരെ അപേക്ഷകൻ ചട്ടപ്രകാരമുള്ള പത്രപ്രവർത്തകനായി/പത്രപ്രവർത്തകേതര  ജീവനക്കാരനായി തുടരുന്നുണ്ട് എന്നും മുമ്പ് മൂന്നു തവണ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല എന്നും മേഖലാ ഡെപ്യൂട്ടി ഡയറക്ടർ /ജില്ലാഇൻഫർമേഷൻ ഓഫീസർ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമാണ് തുക സ്വീകരിക്കുക.

വിശദവിവരത്തിനും തൊഴിൽ സർട്ടിഫിക്കറ്റിൻ്റെ മാതൃകയ്ക്കും വകുപ്പിൻ്റെ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായോ ബന്ധപ്പെടുക.

date