Skip to main content

പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

എറണാകുളം: ജില്ലയിൽ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമായി. ആദ്യ ദിവസം വളന്തക്കാട് ദ്വീപിലെ 102 പേർക്ക് വാക്സിനേഷൻ നൽകി. അടുത്ത തിങ്കളാഴ്ചയോടെ പദ്ധതി കൊച്ചി നഗരസഭ, വിവിധ മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പഞ്ചായത്തുകളിൽ പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
  കോവിഡ് ചികിത്സയ്ക്കായി പിടിച്ചെടുത്ത വ്യാവസായിക ഓക്സിജൻ സിലിണ്ടറുകൾ തിരികെ നൽകുവാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. തെരുവിൽ കഴിയുന്നവർക്കായുള്ള വാക്സിനേഷൻ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ചെല്ലാനം മാതൃകയിൽ കൂടുതൽ പരിശോധനകളും വാക്സിനേഷൻ പ്രവർത്തനങ്ങളും മറ്റ് തീരദേശ പഞ്ചായത്തുകളിലും ആരംഭിക്കും. 
  സിയാൽ, പി.വി.എസ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ മാസത്തോടെ അവസാനിപ്പിക്കാൻ സാധിക്കുമെന്ന് കളക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, എ.ഡി.എം എസ്. ഷാജഹാൻ,  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date