Skip to main content

പാർശ്വവൽകൃത സമൂഹത്തിലെ കുട്ടികൾക്കായി 'ഒന്നാണ് നമ്മൾ' പരിപാടി നടപ്പിലാക്കും : ആൻ്റണി ജോൺ എം എൽ എ.

 

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ മക്കളുടെയും, ആദിവാസി - ഗോത്ര മേഖലകളിലെ കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു കൊണ്ട് 'ഒന്നാണ് നമ്മൾ' പരിപാടി നടപ്പിലാക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.ഒരു കുട്ടിക്കും പഠനം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെ പാർശ്വവൽകൃത സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ പഠനം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഇന്റർനെറ്റ്,ഇലക്ട്രോണിക് പഠനോപകരണങ്ങൾ മുതലായവ ഇവർക്ക് കൃത്യതയോടെയും,ഫലപ്രദമായും ലഭ്യമാക്കുക വഴി ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ ലഭിക്കുന്നതിനും ഇവർക്ക് പിന്തുണയ്ക്കായി നവമാധ്യമ കൂട്ടായ്മയ്ക്കു രൂപം നൽകി അധിക പഠന സാഹചര്യമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.പാഠഭാഗങ്ങൾക്കപ്പുറം കുട്ടികളുടെ സർഗ്ഗശേഷിയും കൂടി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമായുണ്ട്.ഇതിന്റെ ഭാഗമായി ഇവരുടെ തനത് കലകൾ,
കഥകൾ,പാട്ട്,നാടകം,സാഹിത്യം,സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളും,വിദഗ്ദ്ധരുമായുള്ള ആശയ വിനിമയവും ഒന്നാണ് നമ്മൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

കോതമംഗലം നിയോജക മണ്ഡലത്തിൽ ആദിവാസി ഗോത്ര സമൂഹം കൂടുതലായി അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെയും അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പഞ്ചായത്തുകളിലേയും കുട്ടികളെ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ ഈ മേഖലകളിലെ കുട്ടികളുടെ സമഗ്ര വികാസവും അതോടൊപ്പം ഇവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും എം എൽ എ പറഞ്ഞു.

date