Skip to main content

നല്ല വായന നല്ല നാടിന്റെ അടിത്തറയാകും  : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

 

 

 

 

 

 

 ജില്ലയിൽ വായന പക്ഷാചാരണത്തിന് തുടക്കമായി 

നല്ല വായന മനുഷ്യന് അറിവു വർദ്ധിപ്പിക്കുവാനും നല്ല സ്വഭാവഗുണങ്ങളുടെ ഉടമയാക്കി മാറ്റാനും ഉപകരിക്കുമെന്ന് മ്യൂസിയം , തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫേസ്ബുക്ക് ലൈവ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.  നല്ല സ്വഭാവം നല്ല നാടിന്റെ വളർച്ചക്ക് അടിത്തറയാവും.  നമ്മുടെ ഭാഷയും സാഹിത്യവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവും ഇങ്ങനെ നിർവ്വഹിക്കപ്പെടും.  ഈ തിരിച്ചറിവ് കൊണ്ടാണ് വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യവുമായി കേരളത്തിലുടനീളം പി. എൻ പണിക്കർ വായനശാലകൾ സ്ഥാപിച്ചത്. വായന ഒരു ശീലമാക്കാൻ എല്ലാവർക്കും കഴിയണം.
വായനയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനായി അടുത്ത രണ്ടാഴ്ചക്കാലം വിവിധങ്ങളായ പരിപാടികൾ ആണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.   ഗ്രന്ഥശാലകളിൽ നിന്നും മലയാള ഭാഷയിൽ നിന്നും  പുതുതലമുറ
അകന്നു പോകുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ടെന്ന്   'വര്‍ത്തമാനകാലത്തെ ഭാഷാബോധനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ ചരിത്രകാരന്‍ ഡോ.കെ.എന്‍.ഗണേഷ് അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന ആകെ  കുട്ടികളിൽ പഠന മാധ്യമം ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം പകുതിയോടടുക്കുകയാണ്.  ഇഗ്ലീഷ് മാധ്യമമായി സ്വീകരിക്കുന്ന വിദ്യാർഥികൾക്കു തന്നെ പാഠപുസ്തക ഭാഷ എന്നതിലുപരിയായ നൈപുണ്യം ആ ഭാഷയിൽ ലഭിക്കുന്നില്ല. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലയിൽ ഉള്ളവർ ഉൾപ്പെടെ പാഠ പുസ്തക വായനയിലൂടെ മാത്രമല്ല മറിച്ച് പൊതു വായനയിലൂടെയുമാണ് സംസ്കാരം നേടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ടി ശേഖർ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
 ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴ് വരെ വിവിധ പരിപാടികളോടെ വായനാ പക്ഷാചരണം നടക്കും.

date