Skip to main content

*സാമൂഹ്യ വികാസം കുടുംബങ്ങളിലൂടെ 'പ്രതീക്ഷ'യുടെ ആദ്യ ബാച്ച് തയ്യാര്‍*

 

സുരക്ഷിതമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ ലക്ഷ്യമാക്കി 
വനിതാ ശിശു വികസന വകുപ്പ് ആസൂത്രണം ചെയ്ത'പ്രതീക്ഷ'പദ്ധതിയുടെ ആദ്യ ബാച്ച് തൃശൂരില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ വണ്‍ സ്റ്റോപ്പ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതീക്ഷ ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളിലൂടെ കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക, മാനസിക ശാരീരിക അവബോധം സൃഷ്ടിക്കുക, മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് പ്രതീക്ഷ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും പിന്നീട് അധ്യാപകര്‍ക്കും വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് പ്രതീക്ഷ ട്രെയിനിങ് പൂര്‍ത്തിയാക്കിയിറങ്ങുന്നവരുടെ ഭാവി പരിപാടി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സ്നേഹപൂര്‍ണമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും സൃഷ്ടിക്കുക എന്നതും പ്രതീക്ഷ ലക്ഷ്യമാണ്.

മുതിര്‍ന്നവരിലൂടെ മാത്രമേ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സമീപനത്തിലും ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു എന്ന വസ്തുത തിരിച്ചറിഞ്ഞ് കുട്ടികളോട് അടുത്ത് ഇടപഴകുന്നവര്‍ക്കെല്ലാം പരിശീലനം നല്‍കിയാണ് 'പ്രതീക്ഷ' പ്രവര്‍ത്തിക്കുക. പെണ്‍കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പോലെ തന്നെ ആണ്‍കുട്ടികള്‍ക്കും പല തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്ന സാമൂഹ്യബോധ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതീക്ഷ കാമ്പയിന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്ക് ശരീരികമായും മാനസികമായും പല വെല്ലുവിളികളും സൃഷ്ടിക്കാന്‍ ഇടയുണ്ട്. കൂടാതെ വീടുകളിലെ ഗാര്‍ഹിക പീഡനം, ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മ, മാതാപിതാക്കളുടെ വഴക്കുകള്‍ ഇവയെല്ലാം തന്നെ കുട്ടികളെ വളരെയധികം മാനസിക സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്. ഊഷ്മളമായ ഒരു കുടുംബാന്തരീക്ഷം ഒരുക്കുന്നതിന് ജനങ്ങളുടെ ചിന്തയിലും പെരുമാറ്റത്തിലും എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നും പ്രതീക്ഷ ക്യാമ്പയിന്‍ വ്യക്തമാക്കുന്നുണ്ട്.

ജൂണ്‍ 15 ന് ജില്ലാ ഡെവലപ്മെൻ്റ് കമ്മീഷണർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ വനിതാ ശിശു വികസന ഡയറക്ടർ അനുപമ ടി വി ഉദ്ഘാടനം ചെയ്ത ട്രെയിനിങിൻ്റെ സമാപന സെഷൻ  ഇന്ന് (ജൂണ്‍ 23ന്) കലക്ടർ എസ് ഷാനവാസ് നിർവ്വഹിക്കും. പ്രതീക്ഷയുടെ ആദ്യ ബാച്ചാണ് ഇന്ന് ട്രെയിനിങ് പൂര്‍ത്തിയാക്കുന്നത്. എം എസ് സി സൈക്കോളജി, എം എസ് ഡബ്ലിയു, എല്‍ എല്‍ ബി യോഗ്യതകള്‍ ഉള്ളവരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ട്രെയിനിങിന് ശേഷം ഇവ എങ്ങനെ പ്രായോഗിക തലത്തില്‍ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഇവര്‍ അവതരണം നടത്തണം. അതിന് ശേഷമായിരിക്കും ലോവര്‍ പ്രൈമറി തലം മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നീ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക. 

ഓരോ കുട്ടിയുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുതിര്‍ന്നവരില്‍ നിന്നുമുള്ള ശരിയും തെറ്റുമായുള്ള സ്പര്‍ശനം തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക, മൊബൈല്‍ ഫോണിലൂടെയുള്ള ചൂഷണങ്ങള്‍ തിരിച്ചറിയുക എന്നിവയെല്ലാം ട്രെയിനിങില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ വിവിധ വളര്‍ച്ച ഘട്ടങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, അനുയോജ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുക, ലൈംഗിക അവയവങ്ങളുടെ ശുചിത്വം, ലഹരി ഇവയെക്കുറിച്ചെല്ലാം അവബോധം നല്‍കുന്നതിനുള്ള സെഷനുകളും ഉള്‍പ്പെടുത്തിയിരുന്നു. 

പ്രതീക്ഷ ക്യാമ്പയിനിന്‍റ ഭാഗമായി സഖി വണ്‍ സ്റ്റോപ്പ് പ്രവര്‍ത്തകര്‍, ഫാമിലി കൗണ്‍സിലിംഗ് സെന്‍റര്‍, സര്‍വീസ് പ്രൊവൈഡിങ് സെന്‍റര്‍ കൗണ്‍സിലര്‍മാര്‍, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനായാണ് ട്രെയിനിങ് നടത്തിയത്. ഗാര്‍ഹിക പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും കുറച്ചുകൊണ്ടുവരാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നും ഒരു മാതൃക പദ്ധതിയായി ഇതിൻ്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് വനിതാ ശിശു വികസന വകുപ്പിന്‍റെ ലക്ഷ്യമെന്നും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലേഖ എസ് അറിയിച്ചു.

date