Skip to main content

ഡയാലിസിസ് രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇടുക്കി ജില്ലാ പഞ്ചായത്ത്

 

ഡയാലിസിസ് രോഗികകള്‍ക്ക് ഒന്നര കോടി രൂപ മാറ്റി വെച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ഏകദേശം 600 രോഗികള്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ആലോചിച്ചു 52 പഞ്ചായത്തില്‍ നിന്നും ഡയാലിസിസ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിന് വേണ്ടി പഞ്ചായത്തുകളിലേക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലുള്ള രോഗികള്‍ക്കും ഇത് പ്രയോജനപ്പെടുന്ന രീതിയില്‍ നഗരസഭയുമായി പദ്ധതിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നഗരസഭയിലെ ബജറ്റില്‍ കൂടി  പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ ജില്ലയില്‍ മൊത്തം പ്രയോജനകരമാകും.

 അടുത്ത വര്‍ഷത്തേക്ക് രണ്ടര കോടി രൂപ ചിലവാകുമെന്നാണ് ജില്ലാ പഞ്ചായത്ത് കണക്കാക്കുന്നത്. പ്രസ്തുത സാഹചര്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണം ഉണ്ടെങ്കില്‍ ഡയാലിസിസ് സൗജന്യമാക്കാന്‍ സാധിക്കും. ഇതിന്റെ നടത്തിപ്പിനായി 52 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരോടും 8 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരോടും രണ്ട് മുനിസിപ്പാലിറ്റി ചെയര്‍മാന്മാരോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇവരുടെ സംയുക്ത സഹകരണത്തോടെ ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ സാധിക്കും.

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണ് . അടുത്ത ബജറ്റില്‍ ഇവ ഉള്‍ക്കൊള്ളിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

date