Skip to main content

ജില്ലാ പഞ്ചായത്തിന്റെ പുഷ്പ കൃഷി അഞ്ചാം വര്‍ഷത്തിലേക്ക്

കൃഷി ഇറക്കുക 20 ഹെക്ടര്‍ സ്ഥലത്ത്

ജില്ലാതല ഉദ്ഘാടനം നടന്നു

ഓണത്തിന് പൂക്കളം ഒരുക്കാന്‍ തദ്ദേശീയ തലത്തില്‍ പൂക്കള്‍ ഉത്പാദിപ്പിക്കുന്നതിന് പൂ കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി പഞ്ചായത്തിലെ തലമുണ്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. കഴിഞ്ഞ നാലുവര്‍ഷക്കാലമായി നടത്തിവരുന്ന 'പൂക്കാലം വരവായി' പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും പുഷ്പ കൃഷി ആരംഭിക്കുന്നത്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും പൂ കൃഷിയില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

 ജില്ലയില്‍ 20 ഹെക്ടര്‍ സ്ഥലത്താണ്  പൂ കൃഷി ചെയ്യുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 526 കര്‍ഷക കൂട്ടായ്മകളാണ് കൃഷിയുടെ ഭാഗമാവുന്നത്. 20 സെന്റ് മുതല്‍ ഒരേക്കര്‍ വരെയുളള സ്ഥലത്ത്  കൃഷി ചെയ്യാം. കൃഷിക്കാവശ്യമായ ചെടികളുടെ തൈകള്‍ ജില്ലാ പഞ്ചായത്ത് നല്‍കും. ചെണ്ടുമല്ലി(ചെട്ടിപൂവ്), വാടാര്‍മല്ലി ചെടികളുടെ തൈകളാണ് സൗജന്യമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നത്. കൃഷി വകുപ്പിന്റെ കീഴിലുള്ള കരിമ്പം ഫാം, ചാലോട് പോളിനേഷന്‍ യൂണിറ്റ്,  കാങ്കോല്‍, വേങ്ങാട്, പാലയാട്  ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്. ജില്ലയിലെ വിവിധ കൃഷി വകുപ്പുകള്‍ വഴി തെരഞ്ഞെടുത്ത കാര്‍ഷിക ഗ്രൂപ്പുകള്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക.

മുണ്ടേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആറു കര്‍ഷകര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് പൂ കൃഷി ആരംഭിക്കുന്നത്. സി എം മുരളീകൃഷ്ണന്‍, വി ലക്ഷ്മണന്‍, എന്‍ രജിത്കുമാര്‍, ടി സജീവന്‍, സി സജീവന്‍, പി നിമ്മി എന്നിവരാണ് അംഗങ്ങള്‍. ഇവരുടെ നേതൃത്വത്തില്‍ 30 സെന്റ് ഭൂമിയിലാണ് കൃഷി. ഇതിന് പുറമെ നെല്‍കൃഷി, പച്ചക്കറി കൃഷി, മമ്പയര്‍, മുതിര തുടങ്ങിയ കൃഷികളിലും ഈ കൂട്ടായ്മ സജീവമാണ്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം കെ രവീന്ദ്രന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ മുംതാസ്, മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പത്മം,  മുണ്ടേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ടി കൃഷ്ണപ്രസാദ്, എടക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സീമ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date