Skip to main content

മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായുളള വാക്‌സിനേഷന് കര്‍മ്മ പദ്ധതി തയാറായി 

 

ജില്ലയില്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രാമുഖ്യം നല്‍കി നടപ്പാക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയാറായി. കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, തെരുവില്‍ കഴിയുന്നവര്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പട്ടികജാതി കോളനി നിവാസികള്‍, മറ്റ് കോളനി, ചേരി നിവാസികള്‍ എന്നിവരാണ് ഈ പദ്ധതി പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രത്യേക പദ്ധതിക്ക് തുടക്കമാകും. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറി നില്‍ക്കുന്ന ഓണ്‍ലൈന്‍, ഡിജിറ്റല്‍ സാങ്കേതങ്ങളുടെ സൗകര്യമില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യം. ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കിയാണ് വാക്‌സിന്‍ നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ്, ഡിഎസ്ഒ ഡോ. എസ്. ശ്രീദേവി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. 

പാലിയേറ്റീവ്, കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പട്ടികജാതി കോളനിവാസികള്‍, മറ്റ് കോളനി, ചേരി നിവാസികള്‍ എന്നീ വിഭാഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശേഖരിക്കും. ദ്രുത കര്‍മ്മ സേന, സന്നദ്ധ സേന, വാര്‍ഡ് അംഗങ്ങള്‍, അങ്കണവാടി, കുടുംബശ്രീ, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവരുടെ സഹായത്തോടെയാകും വിവരശേഖരണം. ഈ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറും. തദ്ദേശ സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും മറ്റും വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരെ വാക്‌സിന്‍ നല്‍കുന്നതിനായി സജ്ജമാക്കുന്ന നിയര്‍ ഹോം വാക്‌സിന്‍ കേന്ദ്രങ്ങളിലോ നിലവിലുള്ള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ ഔട്ട്്‌റീച്ച് കേന്ദ്രങ്ങളിലോ എത്തിച്ച് വാക്‌സിന്‍ നല്‍കും. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സിന്റെ സഹായത്തോടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കും.

തെരുവില്‍ അലയുന്നവരെ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫീല്‍ഡ് ഹെല്‍ത്ത് സ്റ്റാഫിന്റെയും സഹായത്തോടെ സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിന്‍ നല്‍കും. ഇവര്‍ക്കായി ആശുപത്രികളള്‍, ഔട്ട്‌റീച്ച് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സെഷനുകള്‍ സംഘടിപ്പിക്കും.

60 വയസിനു മുകളില്‍ പ്രായമുള്ള ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെയും വിവരശേഖരണം നടത്തി കോവിഡ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ നല്‍കും. നിലവിലുള്ള സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ഔട്ട്‌റീച്ച് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും വാക്‌സിന്‍ നല്‍കുക. 

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ശേഷം 55 വയസിനു മുകളിലുളളവര്‍ക്കും പിന്നീട് 50 വയസിനും പിന്നീട് 45 വയസിനും മുകളിലുളളവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുക.

വാക്‌നേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നു മുതല്‍ ചില മാറ്റങ്ങളുണ്ടായിരിക്കും. ഈ മാറ്റങ്ങള്‍ ജൂണ്‍ 28 മുതല്‍ ഭാഗികമായും ജൂലായ് ഒന്നു മുതല്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. 

നഗരസഭ, കോര്‍പ്പറേഷന്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളിലെ എല്ലാ സര്‍ക്കാര്‍ ഔട്ട്‌റീച്ച് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ മാത്രമേ അനുവദിക്കൂ. സ്‌പോട്ട് അലോക്കേഷനോ മൊബിലൈസേഷനോ ഉണ്ടാകില്ല.

കോര്‍പ്പറേഷന്‍ മേഖലയിലെ എല്ലാ എന്‍എച്ച്എം കേന്ദ്രങ്ങളിലും 50% ഓണ്‍ലൈനും 50%  സ്‌പോട്ട് മൊബിലൈസേഷനുമായിരിക്കും. മുന്‍ഗണനാ വിഭാഗത്തിലുളളവര്‍ക്കായിരിക്കും ഇവിടെ വാക്‌സിന്‍ നല്‍കുക. എറണാകുളം ജനറല്‍ ആശുപത്രി, പിവിഎസ് എന്നിവിടങ്ങളില്‍ 70% ഓണ്‍ലൈനായും 30% മുന്‍ഗണനാ വിഭാഗങ്ങളുടെ സ്‌പോട്ട് മൊബിലൈസേഷനുമായിരിക്കും. മുവാറ്റുപുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ആലുവ, താലൂക്ക് ആശുപത്രികള്‍, പിഎച്ച്‌സികള്‍, എഫ്എച്ച്‌സികള്‍ എന്നിവിടങ്ങളില്‍ 30% ഓണ്‍ലൈന്‍ അലോട്ട്‌മെന്റും 70% മുന്‍ഗണനാ വിഭാഗങ്ങളുടെ മൊബിലൈസേഷനുമായിരിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിന്‍ പോര്‍ട്ടലില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 47 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ മാറ്റം ബാധകമായിരിക്കില്ല.

date