Skip to main content

ജിഡ പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കും : മന്ത്രി എം വി ഗോവിന്ദൻ 

 

 

നടപ്പ് പദ്ധതികളുടെ മേൽനോട്ടം വൈപ്പിൻ എംഎൽഎ  കെ എൻ  ഉണ്ണികൃഷ്ണന്

 

എറണാകുളം : വൈപ്പിൻ നിയോജകമണ്ഡലത്തിലെ ജിഡ പദ്ധതികൾ ഊർജ്ജിതമായി നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.  പൊതുഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനമാണ്‌ അതിനാൽ പദ്ധതികൾ കാലതാമസം കൂടാതെ പൂർത്തിയാക്കും. പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം  ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ജിഡ  പദ്ധതികളുട അവലോകനയോഗത്തിൽ  മന്ത്രി പറഞ്ഞു .  യോഗത്തിൽ നടപ്പ് പദ്ധതികളുടെ പൊതു മേൽനോട്ട നിർവ്വഹണത്തിന് മന്ത്രി,  വൈപ്പിൻ എംഎൽഎ  കെ എൻ  ഉണ്ണികൃഷ്ണനെ  ചുമതലപ്പെടുത്തി. 

 

ജിഡ പദ്ധതിയിൽ ഭരണാനുമതി ലഭിച്ച എല്ലാ ജോലികളും തുടരും. റോഡുകളുടെയും സർവ്വീസ് റോഡുകളുടെയും  അക്വിസിഷൻ നടപടികൾ വേഗത്തിലാക്കും . ഭൂരേഖ  തഹസിൽദാർമാരുടെ നിയമനത്തിനു ഉടൻ നിർദ്ദേശം നൽകും. ചാത്തനാട് വലിയ കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ സ്ഥലമെടുപ്പ്, കോതാട് - ചേന്നൂർ, പിഴല - ചേന്നൂർ - ചെരിയംതുരുത്ത് പാലങ്ങളുടെ നിർമ്മാണം, മൂലമ്പിള്ളി -  പിഴല പാലം മുതൽ പിഴല റോഡുവരെ 350മീറ്റർ റോഡിന്റെ നിർമ്മാണവുമുൾപ്പെടെ 15 പ്രധാന പദ്ധതികൾ വിലയിരുത്തിയ യോഗം സമയബന്ധിത നടപടിക്രമങ്ങൾക്ക് രൂപം നൽകി.

 

കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ  എന്നീ സ്ഥാപനങ്ങളുടെ പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കുന്നത് കഴിയുന്നത്ര വേഗം പൂർത്തീകരിക്കാനും യോഗത്തിൽ  തീരുമാനിച്ചു . പദ്ധതി നിർവ്വഹണത്തിൽ ഊരാളുങ്കൽ സൊസൈറ്റി, കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കൃത്യമായ  ഏകോപനം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതിയ സർക്കാർ നിലവിൽ വന്ന സാഹചര്യവും തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ നിലവിൽ വന്നതും പരിഗണിച്ച് പ്രവർത്തനം കാര്യക്ഷമവും സുഗമവുമാക്കാൻ ജിഡ ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും അടിയന്തിരമായി കൗൺസിൽ വിളിച്ചുചേർക്കണമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ജിഡ ഏറ്റെടുക്കേണ്ട പുതിയ പദ്ധതികൾ പരിഗണിക്കണമെന്നും എംഎൽഎ പറഞ്ഞു. പുതിയ പദ്ധതികൾ രേഖാമൂലം സമർപ്പിക്കാൻ മന്ത്രി എം വി ഗോവിന്ദൻ എംഎൽഎയ്ക്ക്  നിർദ്ദേശം നൽകി. 

ജിഡ പ്രോജക്‌ട് ഡയറക്‌ടർ ജിനുമോൾ വർഗീസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൗൺസിൽ അംഗം വി വി ജോസഫ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ  പങ്കെടുത്തു

date