Skip to main content

അക്ഷയ ഈർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 24ന്

എറണാകുളം : വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്‌ അനർട്ടും കേരള അക്കാദമി ഫോർ സ്കിൽസും സംയുക്തമായി റൂഫ്‌ടോപ്  സോളാർ  പിവി സിസ്റ്റം  എന്ന  വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ്‌ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.  ജൂൺ 24ന് ഉച്ചക്ക്‌ 1.30 ന്‌ ഓൺലൈനായാണ്‌ ചടങ്ങ്‌ നടക്കുന്നത്‌. തൃക്കാക്കര ഭാരത്‌ മാത കോളേജിൽ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുത വകുപ്പ്‌ മന്ത്രി കെ  കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. അനെർട്ട്‌ സി.ഇ.ഒ അനീഷ്‌ എസ്‌ പ്രസാദ്‌ സ്വാഗതവും ഭാരത്‌ മാതാ കോളേജ്‌ പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി ആശംസയും അർപ്പിക്കുന്ന ചടങ്ങിൽ കേരള അക്കാദമി ഫോർ സ്‌കിൽസ്  എംഡി പ്രേംകുമാർ ഐ.എ.എസ്‌ നന്ദി അർപ്പിക്കും.

നിലവിൽ ആരംഭിക്കുന്നത്‌ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സാണ്‌.  സൗര പാനലുകളുടെ പ്രവർത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ ഈ കോഴ്‌സിലുടെ വിദ്യാർത്ഥികൾക്ക്‌ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായ നിശ്ചിത യോഗ്യതയുള്ളവർക്ക്‌ കോഴ്‌സിന്‌ അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദ ബിരുദാനന്തര ബിരുദം, ഡിപ്ലോമ എഞ്ചിനീയറിംഗ്‌, ബി. വോക് റിന്യൂവബിൾ എനർജി  കോഴ്‌സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക്‌ നിലവിൽ കോഴ്സിന്റെ ഭാഗമാകാം . കോഴ്സിൽ പരിശീലകരുമായി സംവദിക്കാനുള്ള അവസരം, സാങ്കേതിക ടെസ്റ്റുകൾ നടത്തുന്ന പരിശീലനം, സൗര  വൈദ്യുത വ്യാവസായിക കേന്ദ്ര സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കോഴ്സിനു ശേഷം നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ 75 ശതമാനം മാർക്കിനു മുകളിൽ നേടുന്നവർക്ക്‌ ഡിസ്റ്റിങ്ഷനും 60ശതമാനം മാർക്കിന്‌ മുകളിൽ നേടുന്നവർക്ക്‌ ഫസ്റ്റ്‌ ക്ലാസും ഇതിൽ താഴെ മാർക്ക്‌ നേടുന്നവർക്ക്‌ പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. കേരള അക്കാദമി ഫോർ സ്കിൽസും  അനെർട്ടും സംയുക്തമായി അംഗീകാരം നൽകി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ്‌ കോഴ്‌സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ നൽകുന്നത്‌. സൗര വൈദ്യുതോൽപ്പാദന മേഖലയിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്ക്‌ യോജിച്ച രീതിയിൽ സംസ്ഥാനത്തിന്റെ മാനവവിഭവശേഷിയുടെ നിലവാരമുയർത്താനാണ്    കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത് .

date