Skip to main content

പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം  പദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തും ആര്‍.എം.എസ്.എയും സംയുക്തമായി ജില്ലയിലെ ഇരുന്നൂറോളം ഹൈസ്‌ക്കൂളുകളില്‍ നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടിക്ക് മയ്യില്‍ ഐ.എം.എന്‍.എസ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. 
പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കുന്നതിന് വിദ്യാര്‍ഥികളെ മാനസികവും ശാരീരികവുമായി പ്രാപ്തരാക്കുന്ന പദ്ധതിക്ക് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളോട് മോശമായി പെരുമാറുന്നവന് അത് പിന്നീടൊരിക്കലും ആവര്‍ത്തിക്കാന്‍ തോന്നാത്ത വിധം കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ കരുത്തുനേടണം.  ജില്ലാപഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്വയംപ്രതിരോധത്തിനുള്ള പരിശീലനം നല്‍കുന്നത്. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ആരോഗ്യപരമായി ഇടപെടാനാവൂ. ശാരീരികാരോഗ്യവും കായിക ശേഷിയും പഠനത്തിലെ മികവിന് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കരാട്ടെ, കളരി, യോഗ, മറ്റ് മാര്‍ഷ്യല്‍ ആര്‍ട്‌സുകള്‍ എന്നിവയിലാണ് സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്ന 100 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലന അധ്യാപകര്‍ക്കുള്ള ശില്‍പശാല അടുത്തയാഴ്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.   
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു കരുണാകരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ആര്‍.എം.എസ്.എ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം കൃഷ്ണദാസ്, ഡി.ഇ.ഒമാരായ പി ഗീത, ലീല, പ്രിന്‍സിപ്പല്‍ അനൂപ്കുമാര്‍ എം.കെ, പ്രധാനാധ്യാപകന്‍ ഹരീന്ദ്രന്‍ ടി.കെ, പി ദിനേശ്കുമാര്‍, പരിശീലകന്‍ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വയംപ്രതിരോധ മുറകളുടെ പ്രദര്‍ശനവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്നു. 
പി എന്‍ സി/4317/2017
 

date