Skip to main content

സമയോചിത ഇടപെടൽ ; വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാസെന്റർ 

 

എറണാകുളം : കോവിഡ് കാലത്തു  പരീക്ഷ സെന്ററായി ലഭിച്ച  കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിനെക്കാൾ അടുത്തുള്ള  അയ്യമ്പിള്ളി റാംസ്‌ കോളേജ്  പരീക്ഷാകേന്ദ്രമായി ലഭിച്ചതിന്റെ  സന്തോഷത്തിലാണ് വൈപ്പിനിലെ ബിരുദ വിദ്യാർത്ഥികൾ . വൈപ്പിനിൽ നിന്നുള്ള ബിരുദവിദ്യാർഥികൾക്ക്  കോതമംഗലത്ത് അനുവദിച്ച പരീക്ഷാകേന്ദ്രം അയ്യമ്പിള്ളി റാംസ്‌ കോളേജിലേക്ക് മാറ്റി നിശ്ചയിച്ച് മഹാത്മാ ഗാന്ധി സർവ്വകലാശാല പരീക്ഷ കൺട്രോളർ ഉത്തരവ് പുറത്തിറക്കി. വൈപ്പിൻ  എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ സമയോചിത ഇടപെടലിനെത്തുടർന്നാണ് കോളേജ് വിദ്യാർത്ഥികൾക്ക് ഏറെ സൗകര്യപ്രദമായ പരീക്ഷാസെന്റർ ലഭിക്കുന്നതിന് അവസരമൊരുങ്ങിയത് . 

  പറവൂർ മഹാത്മാ കോളേജിൽ ബി എ ഹിസ്റ്ററിക്ക് പ്രൈവറ്റായി പഠിക്കുന്ന വൈപ്പിനിൽ നിന്നുള്ള 19 വിദ്യാർത്ഥികൾ ജൂൺ  28 നു ആരംഭിക്കുന്ന അവസാന വർഷ പരീക്ഷയ്ക്ക് സെന്ററായി തിരഞ്ഞെടുത്തത്  ആലുവ യു സി കോളേജായിരുന്നു. എന്നാൽ സർവ്വകലാശാല സെന്റർ അനുവദിച്ചത് കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിലാണ്. കോവിഡ് സാഹചര്യത്തിൽ പരീക്ഷയെഴുതാൻ ഇത്ര ദൂരയാത്ര ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മഹാത്മാ കോളേജ് പ്രിൻസിപ്പാളും വിദ്യാർത്ഥികളും എംഎൽഎയുടെ സഹായം തേടി. ഇതിനെ തുടർന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിഷയം രേഖാമൂലം ചൂണ്ടിക്കാട്ടിയും സത്വര നടപടി ആവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചു. അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് (റാംസ്‌) പരീക്ഷാകേന്ദ്രമായി അനുവദിച്ചാൽ വിദ്യാർത്ഥികൾക്ക് ഏറെ സൗകര്യപ്രദമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു . മന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് എം ജി  സർവ്വകലാശാല അധികൃതർ  അയ്യമ്പിള്ളി റാംസ്‌ പരീക്ഷാകേന്ദ്രമായി അനുവദിച്ചത് .

date