Skip to main content

പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി  യോഗം  അംഗീകാരം നല്‍കി. മീഞ്ച, ബളാല്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, പിലിക്കോട്, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം, വൊര്‍കകാടി ഗ്രാമപഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ഭേദഗതി പദ്ധതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പദ്ധതികള്‍ അവലോകനം ചെയ്തു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി, ഇ പത്മാവതി, എം നാരായണന്‍, പി സി സുബൈദ, പുഷ്പ അമേക്കള, ടി കെ സുമയ്യ, പി വി പുഷ്പജ, കെ ബാലകൃഷ്ണന്‍ എന്നിവര്‍  സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. നാളെ (17) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  തദ്ദേശസ്വയംഭരണ വകുപപു മന്ത്രി  കെ ടി ജലീല്‍ ജില്ലയിലെ മുഴുവന്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി അവലോകനം നടത്തും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ  28.89 ശതമാനം  പദ്ധതി തുക ചെലവഴിച്ച് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കാസര്‍കോട് ജില്ല. 
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്  ഗുണഭോക്താക്കള്‍ വരുമാനസര്‍ട്ടിഫിക്കറ്റിന് പകരം  വരുമാനം ബോധ്യപ്പെടുന്നതിന്  റേഷന്‍കാര്‍ഡ്, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം, മറ്റേതെങ്കിലും പദ്ധതിക്ക് വേണ്ടി ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.  ധനകാര്യ കമ്മീഷന്‍  ഗ്രാന്റ്  ഉപയോഗിച്ച അറ്റകുറ്റപണികള്‍ക്ക്  ടാറിംഗിനോടൊപ്പം  കോണ്‍ക്രീറ്റ് പ്രവര്‍ത്തികളും ചെയ്യുന്നതിന്  ബന്ധപ്പെട്ട എഞ്ചിനീയറുടെ സാക്ഷ്യപത്രത്തോടെ അനുമതി നല്‍കും. ഹരിതകേരളമിഷന്‍ വഴി നടപ്പിലാക്കുന്ന കിണര്‍ റീചാര്‍ജ്ജിംഗ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം  നിര്‍ദ്ദേശിച്ചു. 
    ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ തെരുവ്‌നായ ശല്യം തടയുന്നതിന്  ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുനന എ ബി സി മിഷന്റെ ഭാഗമായി  അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ്  മാധവന്‍ മണിയറയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഡിസംബര്‍ അവസാനവാരം  ജില്ലയില്‍ പട്ടികവര്‍ഗ വകുപ്പ് സര്‍ഗോത്സവം  സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ ജില്ലാകളക്ടര്‍ അറിയിച്ചു. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയവയില്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പ്രവര്‍ത്തികള്‍ക്ക്  നല്‍കിയിരിക്കുന്ന ഡെപ്പോസിറ്റ് തുകയുടെയും  പദ്ധതി  പുരോഗതിയുടെയും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. 

date