ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടുകൾക്ക് അന്തിമരൂപമായി
2021-22 സാമ്പത്തിക വർഷം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടുകൾക്ക് അന്തിമ രൂപമായി. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രോജക്ടുകൾ നിശ്ചയിച്ചത്. 85.50 ലക്ഷം രൂപ അടങ്കലിൽ ജില്ലാ സമഗ്ര കാൻസർ നിയന്ത്രണ പരിപാടി രണ്ടാം ഘട്ടം, 3.86 കോടി രൂപ അടങ്കലിൽ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള പ്രോജക്ട്, ജില്ലയിലെ ഏർലി ഇന്റർവെൻഷൻ സെന്ററുകൾ നവീകരിക്കുന്നതിന് 30.00 ലക്ഷം രൂപയുടെ പ്രോജക്ട്, 14.50 ലക്ഷം രൂപയുടെ കുട്ടികൾക്കായുള്ള ജില്ലാതല വെബ് പോർട്ടൽ രൂപീകരണം, 35 ലക്ഷം രൂപ തദ്ദേശഭരണ സ്ഥാപന വിഹിതമായും, 3 കോടി രൂപ നബാർഡ് മുഖേന ധനസഹായം പ്രതീക്ഷിച്ചുകൊണ്ട് ചെറുകിട ജലസേചന വകുപ്പ് മുഖേന നി൪വ്വഹണം ലക്‌ഷ്യം വയ്ക്കുന്ന തോട്ടറപ്പുഞ്ച അടിസ്ഥാന സൗകര്യ വികസന പദ്ധതി, സ്ഥലം ലഭ്യമാക്കുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കാർഷിക വിപണന കേന്ദ്രങ്ങൾ, പൊക്കാളി കൃഷി വ്യാപന പദ്ധതി, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവ൪ക്കുളള ധനസഹായം, ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിക്കൽ, തെരുവ് നായ് നിയന്ത്രണത്തിനുള്ള എ ബി സി പദ്ധതി, സാമൂഹ്യനീതി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹായത്തോടെ അംഗൻവാടികളുടെ നിർമാണം, ലൈഫ് പ്രോജക്ട് എന്നിവയാണ് സംയുക്ത പദ്ധതികളായി ജില്ലയിൽ ഈ വർഷം ഏറ്റെടുക്കുന്നത്. മികച്ച പ്രോജക്ടുകളാണ് ജില്ലയുടെ വികസനത്തിന് വേണ്ടി ഡി പി സിയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് ഉല്ലാസ് തോമസ് അറിയിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫിസർ എം. പി. അനിൽകുമാർ, വിവിധ ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments