Skip to main content

‘സുഭിക്ഷം പുനലൂര്‍' പദ്ധതിക്ക് തുടക്കമായി

‘സുഭിക്ഷം പുനലൂര്‍' പച്ചക്കറികൃഷി വ്യാപന പദ്ധതിക്ക് പുനലൂര്‍ നഗരസഭയില്‍ തുടക്കമായി. ഉദ്ഘാടനം പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും സംരക്ഷിക്കുന്നതിന് സാഹചര്യമൊരുക്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.  പുനലൂരില്‍ കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ കൃഷി ഓഫീസര്‍മാരുടെയും ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ‘സുഭിക്ഷം പുനലൂര്‍' പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി തൈകളുടെ വിതരണം മുതല്‍ വിളവെടുപ്പ് വരെയുള്ള കാലത്തെ മേല്‍നോട്ടവും ഏകോപനവുമാണ് ലക്ഷ്യം. നഗരസഭയിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും അഞ്ച് ഇനം ഹ്രസ്വകാല പച്ചക്കറിതൈകള്‍ 25 എണ്ണം വീതം വിതരണം ചെയ്യും. അഞ്ച് ഇനം ദീര്‍ഘകാല പച്ചക്കറി തൈകളും നല്‍കും. ഇതിനായി വാര്‍ഡുതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. 50 വീടുകള്‍ ഉള്‍പ്പെട്ട ക്ലസ്റ്ററുകള്‍ ആയി തിരിച്ച് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പച്ചക്കറി തൈകള്‍ എത്തിക്കും. കൃഷിക്ക് ആവശ്യമായ വളങ്ങളും വിതരണം ചെയ്യും. എല്ലാ മാസവും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കര്‍മസമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഐക്കരക്കോണം  ക്ഷേത്രമൈതാനിയില്‍  നടന്ന പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ  ഡി. ദിനേശന്‍, കെ. പുഷ്പലത, വസന്ത രഞ്ജന്‍, കൗണ്‍സിലര്‍ റഷീദ് കുട്ടി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ പീറ്റര്‍, കൃഷി ഓഫീസര്‍ പി.വി. സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1587/2021)

date