Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-07-2021

ചാലിലെ പോസ്റ്റല്‍ സബ് ഓഫീസ് എയര്‍പോര്‍ട്ടിലേക്ക് മാറ്റി

തപാല്‍ വകുപ്പിന് കീഴില്‍ ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന പോസ്റ്റല്‍ സബ് ഓഫീസ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി.  തപാലിതര  സേവനങ്ങള്‍ക്കായുള്ള നോണ്‍ ഡെലിവറി സബ് ഓഫീസ് ജൂലൈ 31 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയാണ് ആഗസ്ത് രണ്ടിന് എയര്‍പോര്‍ട്ടിലേക്ക് മാറ്റുന്നത്.  670708 ആണ് എയര്‍പോര്‍ട്ടിലെ സബ് ഓഫീസിന് അനുവദിച്ചിരിക്കുന്ന പിന്‍കോഡ്.

നിലവില്‍ ചാലില്‍ എന്‍ഡിഎസ്ഒയിലുള്ള എസ്ബി, ആര്‍ഡി, ടിഡി, എംഐഎസ്, എസ് സിഎസ്എസ്, എസ്എസ്എ, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലുള്ള രേഖകളും തലശ്ശേരി ഹെഡ് ഓഫീസിലേക്ക് മാറ്റും.  

ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ക്ഷമത പരിശോധനകള്‍ പുനരാരംഭിക്കും

ജില്ലയില്‍ നിര്‍ത്തി വെച്ചിരിക്കുന്ന ഹെവി ഡ്രൈവിങ് ടെസ്റ്റ്, വാഹന ക്ഷമത പരിശോധന തുടങ്ങിയവ ജൂലൈ അഞ്ച് മുതല്‍ പുനരാരംഭിക്കും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ ടെസ്റ്റുകളും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഓട്ടോറിക്ഷകളുടെ ടെസ്റ്റുകളും നടത്തും. സബ്- റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ കൊവിഡ് ടിപിആര്‍ നിരക്കനുസരിച്ച് ടെസ്റ്റുകളുടെ കാര്യം അതത് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തീരുമാനിക്കും.  ഒരു ദിവസം 20 അപേക്ഷകള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫോണ്‍ മുഖാന്തിരം മുന്‍കൂട്ടി തീയതി വാങ്ങിയ ശേഷം മാത്രമേ ടെസ്റ്റിന് ഹാജരാകാവൂ. വിദേശത്ത് പോകുന്നവരുടെയും പിഎസ്‌സി പരീക്ഷാ ഉദ്യോഗാര്‍ഥികളുടെയും അപേക്ഷ പരിഗണിച്ചാണ് ഹെവി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700566.

ഇ ലോക് അദാലത്ത് ഒമ്പതിന്

ജില്ലാ  ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 10ന് നടത്താനിരുന്ന ഇ ലോക് അദാലത്ത് ജൂലൈ ഒമ്പതാം തീയതിയിലേക്ക് മാറ്റി. പ്രീ അദാലത്തുകളില്‍ തീര്‍പ്പായ കേസുകളില്‍ കക്ഷികളും വക്കീലും ജൂലൈ ഒമ്പതിന് തന്നെ ബന്ധപ്പെട്ട കോടതികളില്‍ എത്തി അവാര്‍ഡില്‍ ഒപ്പു വെക്കേണ്ടതാണ്.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്:
അംഗത്വം പുനസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 2019 ഏപ്രില്‍ മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശദായ അടവ് മുടങ്ങിയത് മൂലം  അംഗത്വം റദ്ദ് ആയവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബില്ലുകള്‍ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെത്തി ജൂലൈ 31 വരെ അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04972 701081.

ബ്ലഡ്ബാങ്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യനെ  കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.    ബി എസ് സി എം എല്‍ ടി അല്ലെങ്കില്‍  ഡി എം എല്‍ ടി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ടെക്‌നോളജി പാസായവര്‍ക്ക് ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക്  മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന  വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in  ല്‍ ലഭിക്കും.  ഫോണ്‍: 0490  2399207.

വായനശാലകള്‍ക്ക് ശൗചാലയവുമായി ശുചിത്വ മിഷന്‍

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷനുള്ള ജില്ലയിലെ 80 ലൈബ്രറികള്‍ക്ക് ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതിയായി.  രണ്ട് ലക്ഷം രൂപ വീതമാണ് ഓരോ ലൈബ്രറിക്കുമായി ചെലവഴിക്കുക.  ഗ്രാമ പഞ്ചായത്ത് വാര്‍ഷിക  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  തെരഞ്ഞെടുക്കപ്പെട്ട വായനശാലകള്‍ക്കായി പദ്ധതി നടപ്പാക്കുക. കേന്ദ്ര സംസ്ഥാന വിഹിതമായി ശുചിത്വ മിഷന്‍ വഴി 1.8 ലക്ഷവും സ്റ്റേറ്റ്  ലൈബ്രറി കൗണ്‍സില്‍ വിഹിതമായി 20000 രൂപയും ലഭിക്കും. ആവശ്യമായ സ്ഥലം സ്വന്തമായുള്ള ലൈബ്രറികളെ തെരഞ്ഞെടുത്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന വ്യവസ്ഥയോടെയാണ് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക.

date