കണ്ണൂര്‍ അറിയിപ്പുകള്‍ 01-07-2021
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ 'കാതോര്‍ത്ത്'പദ്ധതി
സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ ഓണ്‍ലൈനായി കേള്‍ക്കുന്നതിനും 48 മണിക്കൂറിനുള്ളില്‍ ആവശ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 'കാതോര്‍ത്ത്'ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതി.
വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ കീഴില്‍ ജില്ലാതലത്തില്‍ ആരംഭിച്ച ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വുമണിന്റെ (ഡിഎല്‍സിഡബ്ല്യു) മേല്‍നോട്ടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സേവനം ആവശ്യമായ സ്ത്രീകള്‍ www.kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ പേര്, അടിസ്ഥാന വിവരങ്ങള്‍, സേവനം ആവശ്യമായ സമയം എന്നിവ രജിസ്റ്റര്‍ ചെയ്യണം.
കൗണ്‍സലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നീ സേവനങ്ങളാണ് പോര്‍ട്ടലിലൂടെ ലഭ്യമാവുക. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലീഗല്‍ ആന്റ് സൈക്കോളജിക്കല്‍ കൗണ്‍സലേഴ്‌സ്, സൈക്കോളജിസ്റ്റ്്, പൊലീസ് എന്നിവരുടെ സേവനം പോര്‍ട്ടല്‍ മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447030947.
പരിശീലനം സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഗ്രോ ബിസിനസ്സ് ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റെയിനബില്‍ എന്റര്‍പ്രൈസസ് (എആര്‍ഐഎസ്ഇ) പദ്ധതിയുടെ രണ്ടാംഘട്ടമായ വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഇമേര്‍ഷന്‍ ട്രെയിനിംഗിന്റെ ആദ്യപരിശീലനം ഓണ്‍ലൈനായി നടന്നു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫ. ഡോ. അഭിലാഷ് ശശിധരന്‍ മത്സ്യവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഷബീര്‍ മുഹമ്മദ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സി ഇ ഒ ശരത് വി രാജ് എന്നിവര്‍ പങ്കെടുത്തു.
തപാല്‍ അദാലത്ത് 15 ന്
ഉത്തരമേഖല തപാല്‍ അദാലത്ത് ജൂലൈ 15ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ കത്തുകള്‍, മണിയോഡര്‍, പാര്‍സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങി പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ കെ മനോജ്, അസി. ഡയറക്ടര്‍ (III) പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കാലിക്കറ്റ് 673011 എന്ന വിലാസത്തില്‍ ജൂൈല ഏഴിന് മുമ്പ് ലഭിക്കണം. കവറിനു പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികള്‍ക്ക്
1000 രൂപ ധനസഹായം
കേരള ഖാദി തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറില്‍ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 82,06,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. തുക ഖാദി സ്ഥാപനങ്ങള്‍ മുഖേന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് ബോര്‍ഡ് അറിയിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ ലേബര്‍ ഓഫീസ് മുഖേന കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ 2021ല്‍ ഹാജരാക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ അടിയന്തിരമായി ജില്ലാ ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ എന്ന വിലാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ തുടര്‍ന്നുള്ള പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ.
ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതി പ്രകാരം ഡിഗ്രി / തത്തുല്ല്യ കോഴ്‌സുകള്‍, പി.ജി / പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കോളേജുകള്‍/മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍(പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും 2021 - 22 അധ്യയന വര്‍ഷം ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി കോഴ്‌സുകള്‍ക്ക് (ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും) മാര്‍ക്ക് നേടയിരിക്കണം. പിജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടിയിരിക്കണം.
ധനസഹായത്തിന് യോഗ്യരായവര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, ആധാര്‍കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2712255
- Log in to post comments