റാപ്പിഡ് ആർ ടി പി സി ആർ മെഷീനുമായി റോട്ടറി ക്ലബ് - കൂടുതൽ മികവിലേക്ക് എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ്.
കോവിഡ് 19 സാംപിൾ പരിശോധനകൾ വേഗത്തിൽ നടത്താൻ സഹായിക്കുന്ന തരത്തിലുള്ള തെർമോഫിഷെർ സയന്റിഫിക് അക്യൂല റാപ്പിഡ് ആർ ടി പി സി ആർ മെഷീൻ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിന് നൽകി തൃപ്പൂണിത്തുറ റോട്ടറി ക്ലബ്. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസനിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ മെഷീൻ ഏറ്റുവാങ്ങി.കോവിഡ് പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന തരത്തിലുള്ള ഈ മെഷീനും അനുബന്ധ ഉപകരണങ്ങളും 1.40 ലക്ഷത്തോളം രൂപ വില വരുന്നതാണ്.ജില്ലയിലെ കോവിഡ് പരിശോധനരംഗത്ത് റോട്ടറി ക്ലബ്ബിന്റെ സംഭാവന മുതൽക്കൂട്ടവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ പറഞ്ഞു.കോവിഡ് പരിശോധനാഫലം അടിയന്തരമായി ലഭ്യമാക്കേണ്ട വിഭാഗത്തിലുള്ള രോഗികൾക്ക് ഈ സേവനം ഫലപ്രദമാവുമെന്ന് കോവിഡ് ടെസ്റ്റിംഗ് നോഡൽ ഓഫീസർ ഡോക്ടർ നിഖിലേഷ് മേനോൻ പറഞ്ഞു. കോവിഡ് ടെസ്റ്റിംഗ് നു നിലവിൽ ഐ സി എം ആർ അംഗീകരിച്ചിട്ടുള്ള എല്ലാ വിഭാഗത്തിലുള്ള പരിശോധനകളും ഇതോടെ ഗവണ്മെന്റ് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ സജ്ജീകരിക്കുവാൻ സാധിച്ചതായി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷൈല സാം അറിയിച്ചു. നിലവിലെ ഗവണ്മെന്റ് ഇന്റഗ്രേറ്റഡ് സാമ്പിൾ മാനേജ്മെന്റ് സംവിധാനം വഴി എത്തിക്കുന്ന സാമ്പിളുകൾ ആണ് ഇത്തരത്തിൽ പരിശോധിക്കുന്നത്. പരിശോധന സൗജന്യമാണ്. നിലവിൽ കോവിഡ് പരിശോധനക്കായുള്ള ആന്റിജൻ ടെസ്റ്റ്, ഓപ്പൺ ആർ.ടി.പി.സി. ആർ,ട്രൂനാറ്റ്, സി ബി നാറ്റ്, ആർ.ടി ലാമ്പ് ടെസ്റ്റുകളും, കോവിഡാനന്തര പരിശോധന കളുടെ ഭാഗമായ സർക്കാർ അംഗീകൃത പരിശോധനകളും റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ ലഭ്യമാണ്.പല വിഭാഗങ്ങളിലായി എണ്ണായിരത്തോളം കോവിഡ് പരിശോധനകൾ ലാബിൽ പൂർത്തീകരിച്ചു കഴിഞ്ഞു.
റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഡയറക്റ്റർ വർഗീസ് ജോയ്, ക്ലബ് ഭാരവാഹികളായ സുബ്രമണ്യൻ, ശ്രീപ്രസാദ്, റീജിയണൽ പബ്ലിക് ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ . ഷൈല, കോവിഡ് സാമ്പിൾ പരിശോധന നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
- Log in to post comments