വാക്‌സിൻ സ്വീകരിച്ച വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിൽ നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട 75 വയസിന് മുകളിൽ പ്രായമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള നിരവധി തൊഴിലാളികൾ തൊഴിൽ ലഭിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇതു മനസിലാക്കിയാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ച, ആരോഗ്യമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെടുക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതരുമായി തദ്ദേശ സ്വയംഭരണവകുപ്പ് ചർച്ചകൾ നടത്തി തൊഴിൽ വിലക്ക് തുടരേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് വയോധികർക്ക് തൊഴിൽ സാഹചര്യം ഒരുക്കുക എന്നും മന്ത്രി കൂട്ടിചേർത്തു.
പി.എൻ.എക്സ് 2179/2021
- Log in to post comments