Skip to main content

സി, ഡി വിഭാഗത്തിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണം ശക്തിപെടുത്തും-ജില്ലാ കലക്ടര്‍

രോഗവ്യാപന നിരക്ക് 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലുള്ള(സി വിഭാഗം)തദ്ദേശ സ്ഥാപന പരിധികളിലും 15 ശതമാനത്തിന് മുകളിലുള്ള(ഡി വിഭാഗം)പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിപ്പ്. ഇവിടങ്ങളില്‍ തട്ടുകടകള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും തുറന്ന ചന്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. സമ്പര്‍ക്ക സാധ്യത ഉണ്ടാകാനിടയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും മാനദണ്ഡപാലനം കര്‍ശനമാക്കും. സി, ഡി വിഭാഗങ്ങളിലുള്ള തദ്ദേശസ്ഥാപന പരിധികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്താനും പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ഇവിടങ്ങളില്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനവും ഊര്‍ജിതമായി തുടരും.
എ, ബി വിഭാഗത്തില്‍ ഉള്‍പെട്ട മേഖലകളില്‍ 100 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും ഹാജരാകണമെന്ന നിര്‍ദേശം ഉള്ളതിനാല്‍ കൂടുതല്‍ ബസ് സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനും നിര്‍ദേശമുണ്ട്. ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനവും വിപുലപ്പെടുത്തും. വാക്‌സിന്റെ ലഭ്യതയനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. കാലവര്‍ഷാരംഭവുമായി ബന്ധപെട്ട് ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം, കലക്ടര്‍ വ്യക്തമാക്കി.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഡി. എം. ഒ. ഡോ. ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1674/2021)

date