വനിതാ സംരംഭകരെ കൈ പിടിച്ചുയർത്താൻ പാറക്കടവ് ബ്ലോക്കിൻ്റെ വിവിധ പദ്ധതികൾ
കൊച്ചി: വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൈത്താങ്ങ് നൽകുകയാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. വ്യവസായ വകുപ്പുമായി സഹകരിച്ച് നിരവധി സംരംഭക പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ഉൾപ്പടെ ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് ഉറപ്പു നൽകുന്നു.
ബ്ലോക്കിനു കീഴിലുള്ള ആറ് പഞ്ചായത്തുകളിലുള്ള വനിതകൾക്കാണ് സഹായം നൽകുന്നത്. അഞ്ച് അംഗങ്ങളടങ്ങുന്ന സംഘങ്ങൾ തിരിച്ച് വ്യവസായം ആരംഭിക്കാം. യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിറ്റുകളാണ് ആരംഭിക്കേണ്ടത്. തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായത്തിൽ പരിശീലനം ലഭിച്ചവരായിരിക്കണം അംഗങ്ങൾ. ഒരു വീട്ടിൽ നിന്നും ഒരാൾ മാത്രമേ ഒരു സംഘത്തിൽ അനുവദിക്കൂ.
ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതി ചെലവിൻ്റെ 85% സബ്സിഡി ( പരമാവധി 3 ലക്ഷം) നൽകും. ജനറൽ ഗ്രൂപ്പുകൾക്ക് 11 ലക്ഷവും പട്ടികജാതി വിഭാഗത്തിൽ പെട്ട അംഗങ്ങളുള്ള സംഘങ്ങൾക്ക് 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ വകയിരിത്തിയിട്ടുണ്ട്. കാറ്ററിംഗ് യൂണിറ്റ് , തയ്യൽ യൂണിറ്റ് , ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, പലഹാര നിർമ്മാണ യൂണിറ്റുകൾ, തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾ ,എൽ ഇ ഡി ബൾബ് നിർമ്മാണം തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാം. അപേക്ഷർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾ ബ്ലോക്കിലെ വ്യവസായ ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. അതാത് പഞ്ചായത്ത് കമ്മിറ്റികളുടെ നിർദ്ദേശപ്രകാരമാണ് ഉപഭോക്തൃ ലിസ്റ്റ് തയാറാക്കുന്നത്.
ഇത്തരത്തിൽ കുന്നുകര പഞ്ചായത്തിലെ വനിത വ്യവസായ ഗ്രൂപ്പ് ആരംഭിച്ച നിറവ് ഫ്ലോർ മിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി.പ്രതീഷ് ഉദ്ഘാടനം ചെയ്തു. കൂടുതൽ ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ ഓഫീസറെ ബന്ധപ്പെടണം. ഫോൺ: 9895940042
- Log in to post comments