കണ്ണൂര്‍ അറിയിപ്പുകള് 09-07-2021
ജില്ലയില്‍ ജൂലൈ 11 ഞായറാഴ്ച റെഡ് അലര്‍ട്ട്
ജില്ലയില്‍ ജൂലൈ 11 ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകളും സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്് കെഎസ്ഇബി, ഇറിഗേഷന്‍, കെഡബ്ല്യുഎ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണം. താലൂക്ക് കണ്ട്രോള് റൂമുകളും ജില്ലാ കണ്ട്രോള് റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിര്‍ദേശം നല്‍കുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കില്‍ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയില്‍ മാറ്റി താമസിപ്പിക്കുകയും ചെയ്യണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റണം. നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യണം. പോലീസ്, വനംവകുപ്പ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങള്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡാം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം
ആന്തൂര്‍ നഗരസഭാ പരിധിയിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നതിന് മുമ്പ് അടിയന്തരമായി സ്ഥല ഉടമകള്‍ തന്നെ മുറിച്ചുമാറ്റണമെന്നും പരസ്യബോര്‍ഡുകള്‍ കാറ്റില്‍ മറിഞ്ഞുവീണ് നഷ്ടവും ജീവഹാനിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരുടെ ഭൂമിയില്‍ മരം വീണോ, പരസ്യ ബോര്‍ഡുകള്‍ വീണോ ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്കുവാനുള്ള ബാധ്യത . ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് നിയമ നടപടികള്‍ നേരിടുന്നതിനും ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും ബാധ്യസ്ഥരായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
കൊവിഡ് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ ; സൗജന്യ പരിശീലനം
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. കൊവിഡ് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ (ഹോം കെയര്‍ സപ്പോര്‍ട്ട് ) വിഭാഗത്തില്‍ ഒരു മാസത്തെ ക്ലാസ്സ് റൂം പരിശീലനം കാസര്‍കോടും തുടര്‍ന്ന് മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് കണ്ണൂരിലും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 18 - 35 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8281282368.
തീര മൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍
തീരമൈത്രി പദ്ധതിയുടെ ഭാഗമായി സീ ഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കുന്നതിന് അഞ്ച് അംഗങ്ങള്‍ അടങ്ങിയ 20-50 വയസ്സിന് ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം രൂപ വീതം പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. ഗുണഭോക്താക്കള്‍ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ പേര് ചേര്‍ത്തവരും തീരദേശങ്ങളില്‍ താമസിക്കുന്നവരുമായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവന് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547439623, 9526239623, 7902502030.
കോസ്മറ്റോളജി വിഭാഗം പുനരാരംഭിച്ചു
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍ത്തി വച്ചിരുന്ന കോസ്മറ്റോളജി വിഭാഗം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പുനരാരംഭിച്ചതായി ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കും, അഖിലേന്ത്യാ പ്രവേശന പരീക്ഷവഴി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും, മറ്റ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.ഗ്രാമ/ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.. ഇത് സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം.
അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സ്ഥാപന മേധാവിയില്‍ നിന്ന് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അലോട്ട്മെന്റും മെമ്മോയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.അവസാന തീയതി ആഗസ്ത് അഞ്ച്. ഫോണ്‍ : 0497 2700596.
താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്ത്് ആരംഭിക്കുന്ന ഇന്‍വെസ്റ്റേഴ്സ് ഡെസ്ക് ഓഫീസിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംബിഎ ഫിനാന്‍സ് / പ്രൊഡക്ഷന്‍/ മാര്‍ക്കറ്റിംഗ് ബിരുദധാരികളായിരിക്കണം. സംരംഭകത്വം സംബന്ധിച്ച് വ്യവസായ വാണിജ്യ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്് എന്നിവയുള്ള 24 -40 ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 17 നകം jobatknr@gmail.com ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9947350592
അംഗ സമാശ്വാസ നിധി ധനസഹായ വിതരണം തുടങ്ങി
ജില്ലയിലെ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അംഗ സമാശ്വാസ പദ്ധതി ആനുകൂല്യ വിതരണം തുടങ്ങി. കാന്‍സര്‍, വൃക്കരോഗം, കരള്‍രോഗം എന്നിവ ബാധിച്ചവര്‍, അപകടത്തില്‍പ്പെട്ട് കിടപ്പിലായവര്‍, പരാലിസിസ് ബാധിച്ച് കിടപ്പിലായവര്‍ , എച്ച് ഐ വി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവര്‍, മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവരുടെ വായ്പാ ബാധ്യതയില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ തുടങ്ങയവര്ക്കാണ് അംഗസമാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കുന്നത്. ജില്ലയില്‍ 2785 അപേക്ഷകളില്‍ ആദ്യഘട്ടമായി 167 സഹകരണ സംഘങ്ങളിലുള്ള 2091 അംഗങ്ങള്‍ക്ക് 4.47 കോടി രൂപയാണ് അനുവദിച്ചത്. ജില്ലയിലെ വിവിധ സഹകരണബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ വഴിയാണ് ധനസഹായം വിതരണം ചെയ്യുന്നത്. അര്‍ഹരായ അംഗങ്ങള്‍ക്ക് സമാശ്വാസ നിധിയില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാമെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു
- Log in to post comments