കണ്ണൂര്‍ അറിയിപ്പുകള് 14-07-2021
അപേക്ഷ ക്ഷണിച്ചു
തളിപ്പറമ്പ് കയ്യംതടത്തിലെ ഐ എച്ച് ആര് ഡി പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി ഡി ടി ഒ എ (എസ്എസ്എല്‍സി പാസ്), ഡി സി എ (പ്ലസ്ടു പാസ്), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി പാസ്) എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ജൂലൈ 23 വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം കോളേജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും. എസ് സി/ എസ് ടി/ ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഡി ഡി ടി ഒ എ കോഴ്സിന് ഫീസ് ആനുകൂല്യമുണ്ട്. ഫോണ്‍ 0460 2206050, 8547005048
ജെഡിസി പ്രവേശനം
സംസ്ഥാന സഹകരണ യൂണിയന് കേരള ജൂലൈയില്‍ തുടങ്ങുന്ന ജെഡിസി കോഴ്സില്‍ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള 41 മുതല്‍ 70 വരെ ക്രമത്തിലുള്ളവരുടെ ഇന്റര്‍വ്യു ജൂലൈ19 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യമായ രേഖകള്‍ സഹിതം സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ -പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍: 04972 706790, 9747541481, 9446012206
പൈലറ്റ് സര്‍വ്വേ ഇന്ന് മുതല്‍
എഴുപത്തി ഒമ്പതാമത് സാമൂഹിക സാമ്പത്തിക സര്‍വ്വേയുടെ പൈലറ്റ് സര്‍വ്വേ ഇന്ന് (ജൂലൈ 15 ) തുടങ്ങും. ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി എന്നീ മൊഡ്യൂളുകള്‍ ചേര്‍ന്ന വാര്‍ഷിക മൊഡ്യൂളര്‍ സര്‍വേയും, ആയുഷ് സര്‍വ്വേയുമാണ് സാമൂഹിക സാമ്പത്തിക സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവരശേഖരണത്തിന് എടുക്കുന്ന സമയം, വിവിധ ചോദ്യങ്ങളുടെ ക്രമം, വിവരശേഖരണത്തിന്റെ അനായാസത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് പൈലറ്റ് സര്‍വ്വേ നടത്തുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും വിദ്യാഭ്യാസ നിലവാരവും യോഗ്യതകളും പ്രത്യേകം രേഖപ്പെടുത്തും. കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയവയുടെ ഉപയോഗം, ഇന്റര്‍നെറ്റിന്റെ ഉപയോഗങ്ങളെ സംബന്ധിച്ചുള്ള കുടുംബാംഗങ്ങളുടെ കഴിവ്, ആയുര്‍വേദം ,യുനാനി, ഹോമിയോ, യോഗ ഉള്‍പ്പെടെ ആയുഷിന്റെ വിവിധ വിഭാഗങ്ങളിലായി കുടുംബത്തിലെ ഓരോ അംഗങ്ങളും നടത്തിയ ചികിത്സകളുടെയും ചെലവുകളുടെയും വിവരങ്ങള്‍, ഗര്‍ഭകാലത്തും പ്രസവശേഷവും നടത്തിയ ആയുഷ് ചികിത്സകള്‍ തുടങ്ങിയ കാര്യങ്ങളാണ് പൈലറ്റ് സര്‍വ്വേയില്‍ ശേഖരിക്കുക. പൈലറ്റ് സര്‍വ്വേ കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ 32 വീടുകളില്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. സാമൂഹിക സാമ്പത്തിക സര്‍വ്വേ രണ്ടുമാസത്തിനുശേഷം ആരംഭിക്കും.
പരിശോധനക്ക് വിധേയരാകണം
മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജൂലൈ 13 ന് കൊവിഡ് പരിശോധനക്ക് വിധേയരായ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ പരിശോധനക്ക് വിധേയമാകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി തൈകള്‍ വിതരണത്തിന്
പള്ളിക്കുന്ന് കൃഷിഭവനില്‍ ജൂലൈ15 ന് രാവിലെ 10 മണി മുതല്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ നികുതി രശീതുമായി വന്ന് തൈകള്‍ വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
- Log in to post comments