Skip to main content

കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്

*വ്യവസായ നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കാൻ മൂന്നംഗ സമിതി
റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ സംസ്ഥാനത്തിനു മുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് മേഖലയിലായാണു ഇന്നു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോർപ്പറേറ്റ് ഗവേണൻസ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ കേരളത്തിലുണ്ട്. പുറമേനിന്നു വലിയ നിക്ഷേപ സാധ്യതകളാണു കേരളത്തിലേക്കെത്തുന്നത്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തിൽ കേരളത്തിനു മുതൽക്കൂട്ടാണ്.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടി. നന്ദകുമാർ, നിയമ പരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ എന്നിവരാണ് അംഗങ്ങൾ. സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കാത്തതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സമിതി പരിശോധിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിർദേശങ്ങളും നൽകും. സംസ്ഥാനത്തെ വ്യവസായികളും സംരംഭകരുമായി ആശയവിനിമയം നടത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക. പൊതുജനങ്ങൾക്കും വ്യവസായങ്ങളെ സംബന്ധിച്ച് ധാരണയുള്ളവർക്കും അഭിപ്രായങ്ങൾ സമിതിയെ അറിയിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
കേരളത്തിന്റെ വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കിൻഫ്ര പാർക്ക് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യ സംസ്‌കരണത്തിലടക്കം അത്യാധുനിക സംവിധാനങ്ങൾ കേരളത്തിലെ കിൻഫ്ര പാർക്കുകളിലുണ്ട്. ഇവിടെ സ്ഥാപനം തുടങ്ങാൻ തയാറായി ഒരാൾ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ലഭിക്കും. ഇതിനുള്ള സബ്സിഡിയറി കമ്പനി കിൻഫ്രയ്ക്കു കീഴിലുണ്ട്. ഇത്തരം കാര്യങ്ങൾകൂടി മുൻനിർത്തിയാണു ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയിൽ കിൻഫ്രയും ഭാഗമാകുന്നത്. ഇത്തരം കാര്യങ്ങളിൽ വ്യവസായ സമൂഹത്തിൽ ആവശ്യമായ അവബോധം സൃഷ്ടിക്കാനുള്ള അടിയന്തര ശ്രമങ്ങൾ സർക്കാർ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയും പുതുതായി നിലവിൽവന്ന നിയമങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമൂലം വേഗത്തിൽ നടക്കേണ്ട പലതും നൂലാമാലകളിൽ പെടുകയാണ്. ഇതുമുൻനിർത്തി ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. വ്യവസായ എസ്റ്റേറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പൊതു രൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നു. സ്റ്റാറ്റിയൂട്ടറി ഗ്രീവൻസ് റെഡ്രസൽ മെക്കാനിസം സംബന്ധിച്ച ബില്ല് ഈ നിയമസഭയിൽത്തന്നെ അവതരിപ്പിച്ചു പാസാക്കുമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 2368/2021

date